റൂമിൽ എത്തിയ ഉടനെ തന്നെ ക്യാമറ ചാർജ് ചെയ്യുവാൻ വെച്ചു , . അത്താഴം കഴിച്ചു കിടന്നു അപ്പോഴേക്കും ആകെ ക്ഷീണിച്ചിരുന്നു .സമയം ഏകദേശം പത്തു മണിയായി.
ലാമയൂരു
പിറ്റേദിവസം ആറുമണിയോടെ എഴുന്നേറ്റ് ക്യാമറയും എടുത്തു ഹോട്ടലിന് പുറത്തേക്ക് വന്നു. ദൂരെ വളരെ മനോഹരമായ കാഴ്ച, കൊടുമുടികളിൽ മഞ്ഞ് വളരെയധികം കൂടിയിട്ടുണ്ട് . മൂന്നിലൊന്നു ഭാഗത്തോളം ഇപ്പോൾ മഞ്ഞ് നിറഞ്ഞ് കിടക്കുന്നു. സൂര്യൻറെ പ്രഭാത രശ്മികൾ അതിൽ നിഴലും വെയിലും അണിയിച്ചു മനോഹരമാക്കി.
ശാന്തി സ്തൂപം
ഹോട്ടലിന്റെ മറ്റൊരു ഭാഗത്തേക്ക് നോക്കിയപ്പോൾ നോക്കിയപ്പോൾ കുറച്ചു മരങ്ങളുടെ ഇടയിലൂടെ വളരെ ദൂരെയായി ശാന്തി സ്തൂപം കാണുവാൻ സാധിക്കുന്നുണ്ട് വളരെ ദൂരെയാണെങ്കിലും ഒരു കുന്നിൻ പുറത്ത് സ്ഥിതി ചെയ്യുന്നതിനാൽ എവിടെ നിന്നു നോക്കിയാലും അത് കാണുവാൻ ആകും അത്രേ. ദൂരെനിന്ന് കാണുന്നപോലെ ചെറുതല്ല വളരെ വലിപ്പമുള്ള ഒരു സ്തൂപമാണിത്. ഇന്നത്തെ പ്ലാനിൽ അവിടെയും പോകണം എന്ന് മനസ്സിൽ കരുതി.അപ്പോഴേക്കും ചായ റെഡിയായി. ചൂടുള്ള ചായ ഈ അന്തരീക്ഷത്തിൽ വളരെ രസകരമായി തോന്നി. ഇഞ്ചി വളരെയധികം ഉപയോഗിച്ചിട്ടുണ്ട്. ഞാൻ കുറച്ചുനേരം മഞ്ഞണിഞ്ഞ ഹിമാലയത്തിൽ നോക്കി നിന്നു ചായ നുണഞ്ഞു. ഒരു ഭാഗത്ത് മഞ്ഞ് കൂട്ടത്തോടെ അടർന്നു താഴേക്ക് വരുന്നത് കാണുവാൻ സാധിച്ചു. പതിയെ ആണെങ്കിലും ചെറുതായി തുടങ്ങിയ ഹിമപാതം ഒടുവിൽ വളരെ വലിയ ഒരു ഭാഗമായി മാറി, പർവ്വതത്തിന്റെ ഒരു ശിഖരം തന്നെ നിരങ്ങി ഇറങ്ങിവരുന്ന പോലെ തോന്നിപ്പിച്ചു .
ആലൂ പൊറോട്ട
ഏകദേശം എട്ടു മണിയോടെ പ്രാതൽ കഴിച്ചു ഞങ്ങൾ സവാരിക്ക് റെഡിയായി. ആലൂ പൊറോട്ട ഇവിടുത്തെ ഒരു ദേശീയ ഭക്ഷണം പോലെയാണ് ആണ്. നമ്മുടെ നാട്ടിലെ മൈദ പൊറോട്ട പോലെയല്ല . ഗോതമ്പിൽ ഉരുളക്കിഴങ്ങ് അരച്ച് ചേർത്ത് ചപ്പാത്തി പോലെ ആക്കി ചുട്ടെടുത്ത് . അതിൽ ഒരു കഷ്ണം വെണ്ണ കൂടി ചേർത്താണ് തരുക. വളരെയധികം കലോറി കൂടിയ ഭക്ഷണം ആണിത് . ഉയരം കൂടിയ ഭൂഭാഗം ആയതിനാൽ സാധാരണ ഗതിയിൽ കൂടുതൽ ശ്വാസ ഉച്ഛ്വാസം മാത്രമേ ചെയ്താൽ ശരീരത്തിന് ആവശ്യമുള്ള ഉള്ള ഓക്സിജൻ ലഭിക്കുകയുള്ളൂ. അതിന് കലോറി കൂടിയ ഭക്ഷണം ആവശ്യം ആണത്രേ . പിന്നീട് വാങ് ചിയെ കാത്തുനിൽക്കുകയായിരുന്നു. ഏകദേശം ഒൻപതു മണിയോടുകൂടി വാങ് എത്തി. ഞങ്ങൾ ഉറങ്ങി പോയി കാണും എന്ന് അദ്ദേഹം വിചാരിച്ചു അത്രേ . ഇന്നത്തെ പ്ലാൻ ലാമയൂരു ആണ് . അത് ലെയിൽ നിന്ന് 130 കിലോമീറ്ററോളം കാശ്മീർ സൈഡിലേക്ക് ലഡാക്ക് നഗരത്തെ കടന്നുവേണം അങ്ങോട്ടേക്ക് പോകേണ്ടത്.നഗരത്തിൽ പലയിടങ്ങളിലും വലിയ കന്നാസും ആയി വെള്ളത്തിനു വേണ്ടി ക്യൂ നിൽക്കുന്ന ആളുകളെ കണ്ടു. ശരിയാണ് ഇൻഡസ് പോലെ ഉള്ള ഒരു നദി അരികിൽ കൂടെ ഒഴുകിയിട്ടും കാര്യമില്ല അതിൽ നിന്നും ശുദ്ധജലം ലഭിക്കുകയില്ല.
ഹാൾ ഓഫ് ഫെയിം
ലേ വിമാനത്താവളത്തിന് അരികിലൂടെ ആണ് പോകുന്നത്. ഇൻഡോ പാക് യുദ്ധങ്ങളിൽ രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ജവാന്മാർക്കുള്ള യുദ്ധമെമ്മോറിയൽ ആയ ഹാൾ ഓഫ് ഫെയിം അരികിലാണ്. വളരെ വിശാലമായ ആയ ഒരു മണൽ കുന്നിൻറെ താഴ്വാരത്തിലാണ് ഹാൾ ഓഫ് ഫെയിം സ്ഥിതി ചെയ്യുന്നത് .
തിരികെ വരുമ്പോൾ കയറാം എന്നുകരുതി വാഹനം നേരെ വിട്ടു. റോഡ് വളരെ നല്ല റോഡാണ്. നഗരം വിട്ടതോടെ തിരക്ക് വളരെ കുറവ് .ചക്രവാളം വരെ അതിരിടുന്ന കൂറ്റൻ മലകൾ . ഓരോ മലയുടെ ഡിസൈനും വ്യത്യസ്തമാണ്. ഓരോ പ്രാവശ്യം വാഹനം ഒരു മലയെ പിന്നിടുമ്പോഴും ഓരോ വളവുകൾ തിരിയുമ്പോഴും ഒരേ കുന്നിൽ തന്നെ പലതരം ഭാവഹാവാദികൾ വന്നുഭവിക്കുന്നു. ഹിമാലയത്തിനെ ഞാൻ പതുക്കെ ഇഷ്ടപ്പെട്ടു തുടങ്ങി. നേരത്തെ പറഞ്ഞ പോലെ പട്ടാള ക്യാമ്പുകൾ കൂടുതലായതിനാൽ വഴിയിൽ പട്ടാള വാഹനങ്ങളും ധാരാളം കാണുവാനുണ്ട് .
ഇൻഡസ്
ഇപ്പോൾ ഞങ്ങൾക്കൊപ്പം ആണ് ഇൻഡസ് നദിയുടെ പ്രയാണം. പല സ്ഥലങ്ങളിലും നദി ശോഷിച്ചു ഒരു അരുവിയെ പോലെ ആയിത്തീർന്നു. സംശയം തീർക്കുവാൻ വേണ്ടി ഇത് ഇൻഡസ് തന്നെയാണോ എന്ന് പലവട്ടം വാങ് നോട് ചോദിക്കേണ്ടി വന്നു. ഇതേ നദി തന്നെ വളരെ പെട്ടെന്ന് വലിപ്പം വെച്ച് വലിയ പുഴയായും മാറുന്നുണ്ട്. മഴക്കാലത്ത് ഇൻഡസ് ഭീകരരൂപയായി മാറുന്നുണ്ടാവാം. വെട്ടിയെടുത്ത പോലെയുള്ള മണൽത്തിട്ടകൾ അത് ശരി വെക്കുന്നതായിരുന്നു.നോക്കുന്നിടത്തെല്ലാം എല്ലാം മലകളും നിഴലുകളും നിറങ്ങളും ചേർന്ന് ചിത്രം വരച്ചുകൊണ്ടിരുന്നു. പോകുന്ന വഴിക്കാണ് ലെയിലേ ഒരേയൊരു സിക്ക് ക്ഷേത്രം ഗുരുദ്വാര പത്ഥർ സാഹിബ്. അതും തിരികെ വരുമ്പോൾ കയറാം എന്ന് കരുതി മുന്നോട്ടുനീങ്ങി.
മാഗ്നെറ്റിക് ഹിൽ
ഇപ്പോൾ മുന്നിലെ വഴി ഒരു നേർ വരപോലെ നീണ്ടു കിടക്കുകയാണ്. കിലോമീറ്ററോളം നോക്കത്താ ദൂരത്ത് നീളത്തിൽ കിടക്കുന്ന ശ്രീനഗർ ഹൈവേ . അതിൻറെ അവസാനം കണ്ണെത്തുന്നില്ല . അത്രയും നീളത്തിൽ റോഡുകൾ കിടക്കുന്നത് കാണുന്നത് ആദ്യമായിട്ടായിരുന്നു.
ഈ നീണ്ട പാതയുടെ ഇടതു വശത്താണ് മാഗ്നെറ്റിക് ഹിൽ എന്ന പേരുകേട്ട വിനോദസഞ്ചാര ആകർഷണം. ഇവിടെ നിരപ്പായ ഭൂമിയിൽ വാഹനം പാർക്ക് ചെയ്താൽ അവ ഒരു വശത്തേക്ക് പതുക്കെ ഉരുണ്ട് നീങ്ങും അത്രേ. കുന്നുകൾക്ക് എന്തോ ദിവ്യശക്തിയുണ്ട് എന്നാണ് പറഞ്ഞു വരുന്നത്. ഇതൊരു വലിയ സമതലം ആണ് ഏകദേശം 20 കിലോമീറ്ററോളം പരന്നുകിടക്കുന്ന ഒറ്റഭൂമി. ഇതിലെ ചെറിയ ചരിവ് ഒന്നും നമുക്ക് തിരിച്ചറിയാൻ കഴിയില്ല . പക്ഷേ ഗുരുത്വാകർഷണത്തിന് അതിൻറെ ജോലി ചെയ്യാതെ പറ്റില്ലല്ലോ.
സംഗമം
ഇപ്പോൾ ഏകദേശം പത്തു മണിയായി ഞങ്ങൾ ഇൻഡസ് നദിയുടെയും സൻസ്കാർ നദിയുടെയും സംഗമസ്ഥാനത്ത് എത്തിച്ചേർന്നു. കടുപ്പമുളള ചായയുടെ നിറത്തിലുള്ള ഇൻഡസ് നദീജലവും സൻസ്കാർ നദിയുടെ ഇളം ചാരനിറത്തിലുള്ള ഉള്ള ജലവും സംഗമിക്കുന്നു. അത് കൂടിച്ചേരുന്നത് രണ്ട് നിറത്തിലുള്ള ഉള്ള ചായങ്ങൾ കൂട്ടികലർത്തുന്നത് പോലെയാണ്. കാഴ്ചയിൽ സൻസ്കാർ ആണ് വലിയ നദി എങ്കിലും കൂടുതൽ ദൂരം താണ്ടി വരുന്നത് ഇൻഡസാണ്. ഒട്ടനവധി ധാതുക്കളുടേയും ലോഹ മിശ്രിതങ്ങളുടെയും സാന്നിധ്യമാണ് സൻസ്കാർ നദിക്ക് ഇളം ചാരനിറം കലർത്തുന്നത്.ഹൈവേയിൽ നിന്നും അതും വളരെ താഴ്ചയിലാണ് ഇപ്പോൾ ഈ രണ്ടു നദികളും നദികളും. വളരെ വലിയ ഒരു കനാൽ വഴി ഒഴുകി വരുന്നത് പോലെയാണ് ആണ് ഇൻഡസ് നദി അവിടെ എത്തിച്ചേർന്നത്. ഒരു ചെറിയ വഴി ആ കുന്നിൻ ചരിവിലൂടെ നീണ്ടു പോകുന്നുണ്ട്. അതിലൂടെ പോകുന്ന കാഴ്ച ഭയങ്കരം തന്നെ.
സംഗമസ്ഥാനത്ത് ഒരു കെട്ടിടം കാണുവാനുണ്ട്. ഞാൻ കരുതി അതൊരു ക്ഷേത്രം ആണെന്ന്, അവിടെ കുറെ റബർ ബോട്ടുകൾ ബോട്ടുകൾ കണ്ടപ്പോൾ മനസ്സിലായി അത് അഡ്വഞ്ചർ ടൂറിസത്തിന്റെ ഭാഗമായുള്ള ഉള്ള റിവർ റാഫ്റ്റിംഗ് നടത്തുവാൻ ഉള്ള ഉപകരണങ്ങൾ ആണെന്ന്. ചെളിവെള്ളത്തിൽ എത്ര ധൈര്യവാൻ ആയാലും വൃത്തിയുള്ളവർ റാഫ്റ്റിങ് നടത്താൻ മടിക്കും, തമാശ രൂപേണയെങ്കിലും മനസ്സിൽ ഓർത്തു. ഒരു ചെറിയ ടാറിട്ട വഴി താഴെക്കാണുന്ന കെട്ടിടത്തിന് അടുത്തു നിന്നും ഇൻഡസിന്റെ കരയിലൂടെ പോയി നദി കടന്ന് സൻസ്കാർ നദിയുടെ കരയിലൂടെ ഉള്ളിലേക്ക് പോകുന്നു. അത് സൻസ്കാർ വാലിയിലേക്ക് ഉള്ള പാതയാണ്. സന്സ്കാർ വാലി അഡ്വഞ്ചർ ടൂറിസത്തിന് പേരുകേട്ടതാണ്. പ്രശസ്തമായ ട്രക്കിങ് കേന്ദ്രം കൂടിയാണ് സൻസ്കാർ വാലി.
ഇന്നലെ ഞങ്ങൾ കണ്ട ബൈക്ക് സംഘം ഞങ്ങളുടെ ഒപ്പം സംഗമത്തിലേക്ക് എത്തി. അവർക്ക് സ്ഥലം വിട്ടുകൊടുത്ത് ഞങ്ങൾ വാഹനം കയറി ഇപ്പോൾ ശ്രീനഗർ ഹൈവേയുടെ ഇടതുവശത്ത് ഇൻഡസ് ഒരു കൊക്കയിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു. വലതുവശത്ത് ആകട്ടെ വൻമലകളും. പലയിടത്തും വഴിക്ക് വീതി പോരാ എന്ന് തോന്നുന്നുണ്ട്. മണ്ണിടിച്ചിൽ മൂലം ഹൈവേയിൽ തകരാറുകൾ സംഭവിച്ചിട്ടുണ്ട് . പാറകൾക്ക് മൈക്കയുടെ അംശം കൂടുതലാണ് എന്ന് ഡ്രൈവർ പറഞ്ഞു . അതിനാൽ വെയിൽ പതിക്കുമ്പോൾ അവ വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു.
ചില സ്ഥലങ്ങളിൽ ചെറിയ പച്ചപ്പുല്ലുകൾ കാണാനാകുന്നുണ്ട്. വാഹനം നല്ല വേഗതയിൽ പോയിത്തുടങ്ങി എനിക്ക് പലപ്പോഴും ഫോട്ടോ എടുക്കുവാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ഇടയ്ക്ക് നദിയിലേക്കുള്ള ചെറിയ കൈവഴികൾ കടക്കേണ്ടതുണ്ട്. അവിടെയുള്ളത് ബെയിലി പാലങ്ങളാണ്. അതായത് പട്ടാളക്കാർക്ക് താൽക്കാലിക ആവശ്യത്തിനുവേണ്ടി പണിതിട്ടുള്ള പാലങ്ങളാണ് ഡെയിലി പാലങ്ങൾ. എന്തുകൊണ്ടാണ് ഇവിടെ ഒരു സ്ഥിരം പാലം നിർമ്മിക്കാത്തത് എന്ന് എനിക്ക് പിടികിട്ടിയില്ല. ഈ പാലം നിൽക്കുന്നത് ബാസ്ഗോ എന്ന പട്ടണത്തിലാണ്. കുറച്ചു മരങ്ങളും രണ്ടുമൂന്ന് ചായക്കടകളും ഉള്ള ഒരു ചെറിയ പട്ടണം. രണ്ടുമൂന്ന് ഹെയർ പിന്നുകൾ കയറി ഞങ്ങൾ കയറ്റം കയറിത്തുടങ്ങി. കുറച്ചു ദൂരം സഞ്ചരിച്ചപ്പോൾ വലതുവശത്തേക്ക് ലികിർ മൊണാസ്ട്രി ലേക്കുള്ള വഴിയുടെ ബോർഡ് കണ്ടു.
ഞങ്ങൾ മുന്നോട്ടു പോയി. ഇൻഡസ് എപ്പോഴോ ഞങ്ങളെ വിട്ടു പിരിഞ്ഞിരിക്കുന്നു. ഇപ്പോൾ വശത്തുള്ള കുന്നുകൾ കണ്ടാൽ വയൽ മണ്ണ് കൊണ്ട് ഉണ്ടാക്കിയതാണെന്നു തോന്നും .അതുപോലെയാണ് അതിലെ അടയാളങ്ങളും. ആരോ ഭീമൻ മൺവെട്ടി കൊണ്ട് വെട്ടിയെടുത്ത പോലെയുണ്ട് . ജലമുള്ള സൂചനയൊന്നും അടുത്തെങ്ങും കാണ്മാനില്ല.
പെട്ടെന്ന് ഞങ്ങൾ ഒരു തുറസ്സായ പ്രദേശത്തു ഏത്തി ചേർന്നു . ഒരു വലിയ പുൽ മൈതാനം . അതിനെ ചുറ്റി മണൽകുന്നുകൾ. അതിൻ്റെ അരികിലൂടെ വേണം പുൽമൈതാനം താണ്ടുവാൻ. കണ്ടിട്ടു ഏതോ തടാകം വറ്റി വരണ്ടതാണെന്നു തോന്നുന്നു. മണൽകുന്നുകൾക് അപ്പുറം ചുവന്ന പാറക്കെട്ടുകൾ തല ഉയർത്തി നില്കുന്നു. അതിനുമപ്പുറം അതിർ വരച്ചുകൊണ്ടു മഞ്ഞു തൊപ്പിയണിഞ്ഞ കരിമ്പാറ കൊടുമുടികൾ . എല്ലാനിറങ്ങളുടെയും ആകെത്തുക പോലെ ഒരു ഫോട്ടോ ഞാൻ പകർത്തി .
രണ്ടുമൂന്ന് ഹെയർപിൻ ഉള്ള കയറിയിറങ്ങി കയറിയിറങ്ങി ഞങ്ങൾ മുന്നോട്ടു നീങ്ങി പ്രയാണം തുടർന്നു
ഇപ്പോൾ ഞങ്ങൾ സാസ്പുൽ ഗ്രാമത്തിൽ എത്തിച്ചേർന്നു . സമയം 11 മണിയായി ഞങ്ങൾ ഒരു ചായ കുടിക്കാൻ വേണ്ടി ഗ്രാമത്തിലെ ഹോട്ടലിൽ ഇറങ്ങി. ചായക്കടയും വീടും അടുക്കളയും എല്ലാം ഒന്നുതന്നെ. ഒരു ചെറിയ കുട്ടി പാചകം ചെയ്യുന്നതിൻറെ അടുത്തിരുന്ന് നോക്കുന്നുണ്ടായിരുന്നു.
ഓരോ ടൂറിസ്റ്റിനെയും അഭൂതപൂർവം നോക്കികാണുകയാണ് അവൻ . തിളക്കമുള്ള കണ്ണുകളിൽ എല്ലാം പുതുമ തന്നെ .ഇവിടെനിന്ന് നോക്കിയാൽ ആൽചി മൊണാസ്ട്രി കാണാൻ സാധിക്കും എന്ന് ചായക്കടക്കാരൻ ഞങ്ങളോട് പറഞ്ഞു. ചായകുടിച്ച് യാത്ര പറഞ്ഞു ഞങ്ങൾ പിന്നെയും മുന്നോട്ട്.
അൽപ്പദൂരം കഴിഞ്ഞപ്പോൾ ഇടതുവശത്ത് ഒരു ഹൈഡ്രോ ഇലക്ട്രിക് പ്ലാന്റിന്റെ ബോർഡ് കണ്ടു. അതെന്താണെന്ന് ചോദിച്ചപ്പോൾ ഇവിടെയാണ് ആൽച്ചി മൊണാസ്ട്രി സ്ഥിതി ചെയ്യുന്നതെന്ന് വാങ് പറഞ്ഞു.
അതാ ഞങ്ങളെ വിട്ടു പിരിഞ്ഞ ഇൻഡസ് നദി ഞങ്ങളുടെ കൂടെ തിരികെയെത്തി. ഇപ്പോൾ ഒരു സൈഡിൽ കൊക്കയിൽ നിറഞ്ഞൊഴുകുന്ന ഇൻഡസ് നദിയും മറു സൈഡിൽ .നിറഞ്ഞു നിൽക്കുന്ന കൂറ്റൻ പർവതവും ആണ്. അവിടവിടെയായി ഹൈടെൻഷൻ ലൈനുകൾ വലിക്കുന്ന ജോലികൾ നടക്കുന്നുണ്ട്. ഒരു ചങ്ങാതി ആകട്ടെ ഒരു മലയിൽ നിന്നും അടുത്ത് മലയിലേക്ക് . ഒരു ലൈൻ വലിച്ചു ഉദ്ദേശം ഒരു 300 മീറ്റർ പൊക്കത്തിൽ ഇൻഡസ് നദിയുടെ മുകളിലായി നേർത്ത കമ്പിയിൽ തൂങ്ങി ക്കിടക്കുകയാണ്.
ഹൈവേ ഇപ്പോൾ വളരെ ചെറുതായി ,രണ്ടു സൈഡിലും കനത്ത പാറക്കല്ലുകൾ ആണ് . പാറക്കല്ലിൽ ഇരുമ്പ് ലോഹം കൊണ്ടുണ്ടാക്കിയതാണെന്ന് തോന്നുന്നു. പാളിയായി വെട്ടിത്തിളങ്ങുന്നു . വഴി സ്വല്പം മോശമാണ്. ചില സ്ഥലങ്ങളിൽ ഒരു വാഹനത്തിനു പോകാനുള്ള സ്ഥലമേ ഉള്ളൂ.ഹൈവേയുടെ വീതി കൂട്ടൽ ജോലികൾ നടക്കുന്നുണ്ട്.
രണ്ടുമൂന്ന് ഹെയർ പിന്നുകൾ കഴിഞ്ഞപ്പോൾ കുന്നുകളുടെ ശരീര ശാസ്ത്രത്തിൽ മാറ്റം കണ്ടുതുടങ്ങി . ആകെക്കൂടി ഒരു മഞ്ഞ നിറം. വേറെ ഏതോ ഒരു ഗ്രഹത്തിൽ ചെന്ന പ്രതീതി.
ഇതാണ് ലാമയൂരിലെ മൂൺ ലാൻഡ് എന്നുപറയുന്ന മലനിരകൾ .മഞ്ഞ നിറമാർന്ന പാറകൾ ഉരുകിയൊലിച്ച ഒന്നായി ചേർന്ന് കട്ടപിടിച്ച പോലെയുണ്ട്.
ലാമയുരു
ഉദ്ദേശം 12 മണിയോടുകൂടി ഞങ്ങൾ മൊണാസ്ട്രിയിൽ എത്തിച്ചേർന്നു.ഹെമിസ് , തിക്സെയ് മൊണാസ്ട്രിയോളം വരില്ല ലാമയുരു . ചെറുതും പഴക്കം ചെന്നതും ആണ് . മൂൺ ലാൻഡിന്റെ സാമീപ്യം ആണ് പ്രധാന ആകർഷണം. അപ്പോൾ അവിടെ പൂജ നടക്കുകയായിരുന്നു .ഒരു ചെറിയ ബുദ്ധസന്യാസി , എട്ടോ പത്തോ വയസ്സ് കാണും പുജാ സാമഗ്രികൾ മുകളിലത്തെ നിലയിൽ നിന്നും താഴേക്ക് നിർദ്ദേശപ്രകാരം എടുത്തു കൊണ്ടു വന്നുകൊണ്ടേയിരുന്നു. ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ഞാൻ ആംഗ്യഭാഷയിൽ ചോദിച്ചപ്പോൾ എന്നെ വിലക്കി. പക്ഷേ ഒരു ഫോട്ടോ എടുക്കാതെ പോകാൻ മനസ്സ് വന്നില്ല.ലാമയൂരു മൊണാസ്ട്രിയുടെ ഒരു ചെറു വിവരണം അവിടെ എഴുതി വച്ചിട്ടുണ്ടായിരുന്നു .
ബുദ്ധ ശാസ്ത്ര പ്രകാരമുള്ള ജീവ ചക്രം ഒരു ചുവർ ചിത്രമായി വേറൊരു മതിലിൽ, കണ്ടു .
പൂജ കഴിയുന്നവരെ വരെ ക്ഷേത്രത്തിനുള്ളിൽ കയറുവാൻ പറ്റില്ല . അതിനാൽ ഞങ്ങൾ പുറത്തെ കാഴ്ചകൾ ഒക്കെ കണ്ട് ആസ്വദിച്ചു അവിടെനിന്നു . മൊണാസ്ട്രി ഉണ്ടാക്കിയിരിക്കുന്നത് കുത്തനെയുള്ള മലകളുടെ ഏറ്റവും മുകളിലാണ്. വെള്ളപ്പൊക്കം ഭയന്നിട്ട് ആവാം. പത്താം നൂറ്റാണ്ടിൽ ഉണ്ടാക്കിയ മൊണാസ്ട്രിയിലെ പലഭാഗങ്ങളിലും പലതരം പ്രാർത്ഥന പ്രാർത്ഥന ചക്രങ്ങളും , പല മന്ത്രങ്ങൾ ആലേഖനം ചെയ്ത കല്ലുകളും കാണുവാൻ സാധിക്കും.
ചില മേൽക്കൂരകൾ തന്നെ നിർമിച്ചിരിക്കുന്നത് ഇത്തരം കല്ലുകൾ പാകിയാണ്.
ഈ ഗൊൻപകൾ അഥവാ മൊണാസ്ട്രികൾ ഉണ്ടാക്കിയെടുക്കുന്നത് മരവും കല്ലും സിമൻറ് ചെളിയും ഉപയോഗിച്ചിട്ടാണ്. മേൽക്കൂരകൾ പൊതുവേ ഉപയോഗിച്ചിട്ടാണ്. മേൽക്കൂരകൾ പൊതുവേ. മേൽക്കൂരകൾ പൊതുവേ ചെറിയ നീളത്തിലുള്ള മരങ്ങൾ വച്ച് അടുക്കി അതിനു മുകളിൽ സിമൻറ് കൊണ്ടുള്ള മിശ്രിതം ഇട്ട് ഉറപ്പിക്കുകയാണ് ചെയ്യുക.
പൂജ കഴിഞ്ഞിരുന്നു ഞങ്ങൾ ഉള്ളിൽ കയറി പ്രാർത്ഥിച്ച ശേഷം ശേഷം പുറത്തിറങ്ങി . നല്ല തിളച്ച വെയിലാണ് ,നല്ല വിശപ്പ തോന്നിത്തുടങ്ങി . താഴെ ഒരു ഭക്ഷണശാല ഉണ്ട് .അങ്ങോട്ടേക്ക് പോകുന്ന വഴിയിൽ തിളച്ച വെയിലിൽ കടുംചുവപ്പ് വസ്ത്രങ്ങളണിഞ്ഞ് നാലു സന്യാസിമാർ മുൺലാൻഡിൻറെ ഭംഗി ആസ്വദിക്കുന്നവണ്ണം അവിടെ ഇരിപ്പുണ്ടായിരുന്നു.
ഞാൻ മൊണാസ്റ്ററിയുടെ മുകളിലേക്കുള്ള ഒരു വഴിയെ കുറച്ചു പോയി നോക്കി. ഇപ്പൊ താഴ്വാരവും മൂണ്ലാൻഡും മുഴുക്കെ കാണാൻ പറ്റും. തികച്ചും വ്യസ്ത്യസത്മായ ഒരു ഭൂപ്രദേശം. കൂർത്ത കരിമ്പാറ കൊടുമുടികൾ പിന്നെ അവയോളം തന്നെ പൊക്കമുള്ള മൺകുന്നുകൾ അവയുടെ മധ്യഭാഗത്തായി മൂണ്ലാൻഡ് തുടങ്ങുന്നു. മൂൺലാൻഡിന്റെ ഒരു പരന്ന തട്ട് കാണാം . അവിടെ നിന്നും മുകളിലോട്ടാണ് മൺകുന്നുകൾ . ആരോ ഒരു മേശയുടെ മുകളിൽ കുറച്ചു മണ്ണ് കൂനകൂട്ടിയതുപോലെ .
ആ നിരപ്പിൽ നിന്നും നല്ല മഞ്ഞ നിറത്തിൽ താഴേക്ക് മെഴുകു ഒലിച്ചു ഇറങ്ങിയതുപോലെ മൂൺലാൻഡ്. അതിങ്ങു താഴ്വാരം വരെ ഉണ്ട്. താഴ്വാരം ആകട്ടെ നിരപ്പിൽ നല്ല പച്ചനിറത്തിൽ കൃഷിയും ഒക്കെയായി കാണാം . ഞങ്ങൾ വന്ന വഴിയും കാണുവാൻ സാധിക്കുന്നുണ്ട്. വളരെ നയനാന്ദകരം ആയ കാഴ്ച ആണ്. കുറച്ചു നേരം ഞാൻ വെയിലിനെയും ചൂടിനേയും വിശപ്പിനേയും തളർച്ചയും ഒക്കെ മറന്നു.
