കാത്തിരിപ്പു
രാത്രി 8 മണിയോടെ തിരുവനന്തപുരം എയർപോർട്ടിൽ എത്തി. അഞ്ചുപേരും ഹിമാലയം ആദ്യമായി കീഴടക്കാനുള്ള ഒരു പര്യവേഷണ സംഘത്തിനെ പോലെ സ്വയം തോന്നിപ്പിച്ചു. പത്തുമണിയോടെ വിമാനം ഏറി, രാത്രി ഒരു ഒന്നര രണ്ട് മണിയോടെ ഡൽഹി എയർപോർട്ടിൽ എത്തിച്ചേർന്നു. അവിടന്നങ്ങോട്ട് 5 മണിക്കൂർ ഡൽഹി എയർപോർട്ട് ഞങ്ങളുടെ ആകുന്നു. കുറച്ചു സമയം കിടക്കും, കുറച്ചു സമയം നടക്കും, കുറച്ച് സമയം എയർ പോർട്ടിലെ വിലകൂടിയ മദ്യശാലയുടെ അടുത്തുപോയി നോക്കിനിൽക്കും.അങ്ങനെ 5 മണിക്കൂറിലെ ഓരോ സെക്കൻഡും എണ്ണി തീർത്തു. എട്ടരയോടെയാണ് ആണ് ഞങ്ങൾക്ക് ലേയിലേക്ക് പോകുവാൻ ഉള്ള വിമാനം എത്തുന്നത്. അതിൻറെ അനൗൺസ്മെൻറ് വരുന്നതിനും വളരെ മുൻപ് തന്നെ ഞങ്ങൾ ഗേറ്റിന്റ അടുത്തു പോയി സ്ഥാനം പിടിച്ചു .
കേളൻ
അങ്ങനെ ഗേറ്റിലേക്ക് എത്താനുള്ള അനൗൺസ്മെൻറ് വന്നു. അപ്പോൾ കൂട്ടത്തിൽ നേതാവിനെ കാണ്മാനില്ല. കേളൻ മുങ്ങിയിരിക്കുന്നു. കേളന്റെ ഒരു സ്വഭാവം പ്രത്യേകം എടുത്തു പറയേണ്ടതാണ്. പുള്ളിക്കാരൻ ഐടിസി യുടെ ഒരു സ്പോൺസർ ആണ് . ഒരു ദിവസം ഒരു നാലഞ്ചു പാക്കറ്റ് സിഗററ്റ് എങ്കിലും കത്തിച്ചു തീർക്കും . പൊലൂഷൻ സർട്ടിഫിക്കറ്റ് പുള്ളിക്ക് പ്രത്യേകം എടുക്കണമെന്നാണ് ഞങ്ങളുടെ ഇടയിൽ പറയുന്നത്. അദ്ദേഹത്തിൻറെ ഫോട്ടോ ഹിമാലയത്തിലെ ഏതോ ഒരു സ്ഥലത്തെ കടയിൽ ചില്ലിട്ടു വെച്ചിട്ടുണ്ട്. കാരണം ടൗണിലെ നാല് കടകളുടെ മുഴുവൻ സിഗരറ്റും ഇദ്ദേഹം ഒറ്റയടിക്ക് വാങ്ങിച്ചു തീർത്തു . കൂട്ടത്തിൽ പറയേണ്ട ഒരു കാര്യമുണ്ട് വിമാനത്തിലെ ബോർഡിംഗ് പാസ് വാങ്ങിയപ്പോൾ , അത് തന്ന ചേച്ചിയോട് വിൻഡൊ സീറ്റ് തരണമെന്ന് അഭ്യർത്ഥിക്കാൻ ഞാൻ മറന്നില്ല. പ്രതീക്ഷയില്ലായിരുന്നു എങ്കിലും അവർ വിൻഡോ സീറ്റ് തന്നെ എനിക്ക് തന്നു.ഉയരങ്ങളിൽ
അങ്ങനെ വിമാനത്തിനുള്ളിൽ കയറി. എനിക്ക് വിൻഡോ സീറ്റ് ആണെന്ന് അറിയാവുന്ന കേളൻ കൊച്ചുകുട്ടികളുടെ കൂട്ട് എന്നെ തള്ളിമാറ്റി സീറ്റിനുവേണ്ടി വാശിപിടിച്ച് കയറിയിരുന്നു. കുഞ്ഞു മനസ്സിനെ വേദനിപ്പിക്കാൻ പറ്റാത്തതുകൊണ്ട് ഞാൻ ക്ഷമിച്ചു. വിമാനത്തെ പറ്റി എടുത്തുപറയേണ്ടതാണ് താരതമ്യേന പഴക്കം തോന്നിക്കുന്ന ഒരു വിമാനം ചിറകുകൾ എല്ലാം ഫാൻ പോലെയാണ്. ഹിമാലയത്തിനു മുകളിലൂടെ പറക്കുമ്പോൾ വായുവിന്റെ മർദ്ദം കുറവാണെന്ന് കേട്ടിട്ടുണ്ട്, അത് താങ്ങുമോ ആവോ ചെറിയ പേടി! വിമാനം മുന്നോട്ട് നീങ്ങി തുടങ്ങിയപ്പോൾ തന്നെ ഒരു കുലുക്കവും ചാട്ടവും ഒക്കെ ഉണ്ട്. ചാഞ്ചാടി ചാഞ്ചാടി ഒടുവിൽ പുഷ്പകവിമാനം ആകാശത്തേക്ക് ഉയർന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ വിമാനത്തിന് വിറയൽ കൂടിയതായി തോന്നി തുടങ്ങി. താഴെ ചില കുന്നുകൾ ഒക്കെ കണ്ടു തുടങ്ങി. മേഘങ്ങളുടെ ഇടയിലൂടെ കൂർത്ത് നിൽക്കുന്ന കൊടുമുടികളുടെ തലപ്പുകൾ കാണാൻ നല്ല ഭംഗിയാണ് . അങ്ങിങ്ങ് മേഘങ്ങളുടെ വിടവിലൂടെ താഴ്‌വാരത്തെ ഹരിതാഭയുടെ ഭംഗി കണ്ടു.ഹിമാചൽ പ്രദേശ്
അങ്ങനെ നീങ്ങി തുടങ്ങി കുറച്ചു സമയം കഴിഞ്ഞപ്പോൾ വിമാനം ഹിമാലയത്തിന്റെ പാർശ്വ ഭാഗങ്ങളിലേക്ക് അതായത് ഹിമാചൽ പ്രദേശിന്റെ മുകളിലൂടെ ആയി യാത്ര. ഹിമാചൽ പ്രദേശ് വളരെ മനോഹരമായ ആയ ഒരു സ്ഥലമാണ് . മഞ്ഞണിഞ്ഞ കൊടുമുടി തലപ്പുകൾ, ചാര നിറമാർന്ന നടു ഭാഗവും , കരിം പച്ച നിറമാർന്ന മരങ്ങളും, മലമടക്കുകളിലൂടെ കുതിച്ച് പതഞ്ഞ് ഒഴുകി എത്തുന്ന വെള്ളച്ചാട്ടങ്ങളും , അരുവികളും, പല പല അരുവികൾ ഒന്നായി വെള്ളി പാദസരം പോലെ വെയിലിൽ വെട്ടിത്തിളങ്ങുന്ന നദികളും ചേർന്ന താഴ്‌വര.ഒക്കെ കൂടി ഒരു സ്വർഗ്ഗം ഭൂമിയിൽ സമ്മാനിക്കുന്നു.
ലഡാക്ക്
വിമാനം കുറച്ചുകൂടി ഉയരത്തിലേക്ക് എത്തിയ പോലെ ഒരു തോന്നൽ, കാരണം സാമാന്യം നല്ലപോലെ ചിറകുകൾ വിറക്കുന്നുണ്ട് . പൈലറ്റിന്റെ അനൗൺസ്മെൻറ് വന്നു, നമ്മൾ ലഡാക്ക് ഭൂവിഭാഗത്തിന് മുകളിലൂടെയാണ് ഇപ്പോൾ സഞ്ചരിക്കുന്നത് .ആകാംക്ഷയോടെ താഴേക്ക് നോക്കി ചാര നിറമാർന്ന കുറച്ച് ചാമ്പൽ കൂനകളെ ഉപമിക്കുന്ന കുറേ മലനിരകൾ. എല്ലാ മലയുടെയും മുകളിൽ കുമ്മായം വെച്ചത് പോലെ വെള്ള നിറം ഉണ്ട് . മേഘങ്ങളെ അധികം കാണാനില്ല.താഴ്‌വര നല്ലപോലെ കാണുവാൻ ആകുന്നുണ്ട്. അനൗൺസ്മെൻറ് "ഇപ്പോൾ പോകുന്നത് സ്പിറ്റി വാലിയുടെ മുകളിലൂടെയാണ് ". താഴേക്ക് നോക്കി വലിയ രസം ഒന്നും തോന്നിയില്ല. അങ്ങിങ്ങായി ആയി നിൽക്കുന്ന പച്ചപ്പുകൾ, അരഞ്ഞാണം പോലെ ഒഴുകുന്ന നദികൾ. കുറച്ചുകൂടി കഴിഞ്ഞപ്പോൾ മലകളെ ആസകലം മഞ്ഞു മൂടിയ കാഴ്ചകൾ കാണുവാൻ സാധിച്ചു. ഹിമാനികൾ ആണ് താഴെ കാണുന്നത് എന്ന് പൈലറ്റ് പറയുന്നുണ്ട്. ഇപ്പോൾ കാണുന്ന മലകൾ ആസകലം മഞ്ഞു മൂടിയിരിക്കുകയാണ്. താഴ്വാരം വരെയും ഇപ്പോൾ ഇതുതന്നെയാണ് സ്ഥിതി . താഴ്വാരത്തിൽ ചില സ്ഥലങ്ങളിൽ മഞ്ഞിൻറെ വെളുത്ത നിറം കാണാനില്ല , അവിടെയാണ് വെള്ളം ഉള്ളത്. ഒഴുകുന്ന, ദ്രാവക രൂപത്തിലുള്ള മഞ്ഞു എന്ന് വേണമെങ്കിൽ പറയാം. ഇത് വർണ്ണിക്കാൻ ആകാത്ത ഒരു കാഴ്ചയാണ് , കണ്ടു തന്നെ മനസ്സിലാക്കണം. മഞ്ഞിനെ ഒരു പടുകൂറ്റൻ ട്രാക്ടർ കൊണ്ട് ഉഴുതു വലിച്ചു കൊണ്ടു പോയത് പോലെ ഒരു ഫീൽ.
ഇത് പറഞ്ഞപ്പോൾ എല്ലാ ആൾക്കാരും കൂടെ വിമാനത്തിൻറെ ചില്ലു ജാലകത്തിലൂടെ ഉന്തിത്തള്ളി നോക്കുന്നുണ്ടായിരുന്നു. വെയിറ്റ് ബാലൻസ് നഷ്ടപ്പെട്ട് വിമാനം അപകടത്തിൽ പെടുമോ എന്ന് ഞാൻ ഭയന്നു. താഴെയുള്ള കാഴ്ചകൾ വേറെ എങ്ങും കാണുവാൻ കിട്ടാത്തത് ആയിരുന്നു. മഞ്ഞണിഞ്ഞ കൂർത്ത കൊടുമുടികളിൽ നിന്ന് മഞ്ഞുരുകി ഒഴുകി ഉണ്ടായ ഹിമാനികളുടെ പാത. പല നദികളുടെയും ഉത്ഭവം ഹിമാനികൾ നിന്നാണ്.
കുറച്ചുകൂടി കഴിഞ്ഞപ്പോൾ അവ എല്ലാം മാറി പഴയപോലെ ചാരനിറം നിറഞ്ഞ മരുഭൂമിക്ക് സമാനമായ പ്രദേശത്തേക്ക് എത്തിപ്പെട്ടു. ഓറഞ്ച് നിറമാർന്ന മലകളാണ് ഇപ്പോൾ കാണുന്നത്. താഴ്വാരങ്ങളിൽ നല്ല പച്ചപ്പ് ഉണ്ട്. അവിടെ ഇവിടെ ആയി വീടുകളും മറ്റും കാണാൻ ആകുന്നുണ്ട്. ജനവാസമുള്ള മേഖലയിലേക്ക് എത്തിച്ചേർന്നതായി തോന്നുന്നു. ആയിരക്കണക്കിന് വർഷങ്ങളായി മലകളിൽ നിന്ന് മണ്ണൊലിച്ച് താഴ്‌വാരത്തെത്തി, അവിടെ മരങ്ങളും മറ്റും വളർന്നു. സൂര്യപ്രകാശത്തിന് അനുസരിച്ച് ഇവിടെ മലകളുടെ നിറവും മരങ്ങളുടെ നിറവും എല്ലാം മാറിമറിയുന്നു. ചിലത് ചുവന്ന മലകൾ, ചിലത് കൽക്കരിഖനി പോലെ കറുത്തിരുണ്ട മലകൾ, ചിലതാകട്ടെ ആറ്റുമണൽ ഉണ്ടാക്കിയതുപോലെ സ്വർണ്ണവർണ്ണം ആയിരുന്നു. ഇങ്ങനെ ഒട്ടനവധി മലകളാൽ ചുറ്റപ്പെട്ട ഒരു താഴ്വാരത്തിലേക്ക് വിമാനം പതുക്കെ താഴ്ന്നിറങ്ങി.
.
പൈലറ്റ് ലഡാക്കിനെ പറ്റി ഒരു ചെറിയ വിവരണം തന്നു . മറ്റു സ്ഥലങ്ങൾ പോലെയല്ല മഴ അപൂർവം, അതിനാൽ മഴനിഴൽ പ്രദേശം എന്നാണ് അറിയപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്നും 15000 അടി (4000m) ഉയരത്തിലാണ് ലഡാക് എന്ന ഭൂവിഭാഗം സ്ഥിതി ചെയ്യുന്നത്. ലഡാക്ക് ഒരു സ്ഥലമല്ല, ലേ തലസ്ഥാനം ആയുള്ള ഒരു ഹിമാലയൻ ഭൂവിഭാഗം ആണ്








