കടമ്പ
ഇനിയുള്ള അടുത്ത കടമ്പ എന്ന് പോകണം എന്നുള്ളതാണ്. ലെ-മണാലി ഹൈവേ തുറക്കുന്ന ലക്ഷണമൊന്നും കാണുന്നില്ല. മാത്രമല്ല, ടൂർ ഓപ്പറേറ്റർന്റെ അഭിപ്രായവും മറ്റു ലേഖനങ്ങളും വായിച്ചതിൽ നിന്നും ഹൈവേ തുറന്നാൽ ഉടൻതന്നെ പോകുന്നത് നല്ലതല്ല. കാരണം പിന്നെയും വീഴുവാൻ കാത്തിരിക്കുന്ന കല്ലുകളും ഹിമപാളികളും , ഇടിഞ്ഞു താഴാൻ കാത്തിരിക്കുന്ന ചെളിക്കുണ്ടുകളും ഉണ്ടാവും. എപ്പോൾ വേണമെങ്കിലും റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെടാം. അങ്ങനെ തടസ്സപ്പെട്ടാൽ ഹിമാലയയാത്രയുടെ ഒരു പ്രത്യേകത എന്ന് വച്ചാൽ.. ലെ മുതൽ മണാലി വരെ ഒരൊറ്റ വഴിയേ ഉള്ളൂ ആ വഴിയിൽ എവിടെ തടസ്സപ്പെട്ടാലും അതിനെ മാറി കയറി പോകാൻ വേറൊരു വഴിയില്ല അതായത് ബൈപ്പാസുകൾ ഇല്ല എന്ന് തന്നെ പറയാം . നമ്മൾക്ക് ആണെങ്കിൽ 10 ദിവസം 15 ദിവസമായ വിഷമത്തിൽ നിന്നും ഇതുവരെ കരകയറാൻ ആയിട്ടുമില്ല . ഇനി ഒരു ദിവസം കൂടി കൂടിയാൽ ജോലിയെ ബാധിക്കും എന്ന് വരെ വരെ തോന്നി തുടങ്ങി.
ജി എസ് ടി ഓഫർ
അങ്ങനെയിരിക്കെ രാജ്യം ഒരു മാറ്റത്തിന്റെ പ്രഭാതത്തിലേക്ക് കാലെടുത്തുവെച്ചു . രാജ്യത്തെ ടാക്സ് വ്യവസ്ഥകൾ മാറ്റിമറിക്കാൻ പോകുന്നു . ഇപ്പോൾ നിലവിലുള്ള ടാക്സ് രീതിക്ക് പകരം ജി എസ് ടി നടപ്പാക്കുവാൻ ഗവൺമെൻറ് തീരുമാനിക്കുന്നു. സോഫ്റ്റ്‌വെയർ കൊച്ചുമുതലാളിക്ക് 10 പുത്തൻ കിട്ടുന്ന സമയമാണ് . പുള്ളിക്കാരൻ ആ ചിന്തയിലേക്ക് സാവധാനം ഊർന്നു വീണു . ഹിമാലയ യാത്ര ഹിമ പാളി വീണപോലെ തണുത്തു തുടങ്ങി.
അങ്ങനെ ജൂൺ അവസാനം ആയെന്നു തോന്നുന്നു.നനുനനുത്ത മഴയുള്ള ഒരു രാത്രിയിലെ എട്ടുമണി കുഞ്ഞൂട്ടൻ വിളിക്കുന്നു. "വിമാനടിക്കറ്റിനു 2500 രൂപ ഡൽഹി വരെ, ജി എസ് ടി ഓഫറാണ് അരമണിക്കൂറിനുള്ളിൽ തീരുമാനിക്കണം. ബുക്ക്ണോ വേണ്ടയോ? " . ഞാൻ പറഞ്ഞു "കൊച്ചുമുതലാളിയെ വിളിച്ചു ചോദിക്കട്ടെ". വിളിച്ചു, ഫോണെടുക്കുന്നില്ല! കുഞ്ഞൂട്ടന്റ കാൾ പിന്നെയും വരുന്നു. "സമയം തീരാറായി എന്തു ചെയ്യണം ?" വരുന്നിടത്ത് വച്ച് കാണാം എന്തായാലും നാല് പേരുടെ പേരിലും ബുക്ക് ചെയ്യുക. ബുക്ക് ചെയ്തു! അതു കഴിഞ്ഞ് കൊച്ചുമുതലാളി തിരിച്ചുവിളിക്കുന്നു, എന്താ കാര്യം? ഡൽഹിയിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തു. നന്നായി, മുന്നോട്ട് വച്ച കാൽ പിന്നോട്ടില്ല എന്ന് കൊച്ചുമുതലാളി.
ഏകദേശം ഒരു അര മണിക്കൂർ കഴിഞ്ഞു കാണും, കേളൻ വിളിക്കുന്നു , ഒരാൾ കൂടിയുണ്ട് ,ഒരു ടിക്കറ്റ് കൂടി ബുക്ക് ചെയ്യണം ബുക്ക് ചെയ്തു, ചെയ്തു 6700 രൂപ ,അതേ പ്ലെയിൻ , അതേ സീറ്റ് ,അതേ സമയം! വൈകിയതിന് 5000 രൂപ പോയിക്കിട്ടി. അങ്ങനെ ഒരു അഞ്ചാമൻ കൂടി നാൽവർ സംഘത്തോടൊപ്പം ചേർന്നു.
ജൂലൈ 14 ആം തീയതി രാത്രി 10 മണിക്ക് വിമാനം തിരുവനന്തപുരത്തു നിന്നും ഡൽഹിയിലേക്ക് . രാത്രി രണ്ട് മണിക്ക് ഡൽഹി എത്തും. പിന്നെ അഞ്ച് മണിക്കൂർ ഡൽഹി വിമാനത്താവളം നമ്മുടെതാകുന്നു. ലേയിലേക്ക് 11 മണിക്കാണ് വിമാനം, പന്ത്രണ്ടരയോടെ ലെ വിമാനത്താവളത്തിൽ ഇറങ്ങും.
ഉത്രാടപ്പാച്ചിൽ
ദൈവമേ ഇനി 15 ദിവസം കൂടി ഇല്ല . ലീവ് പോലും എടുത്തിട്ടില്ല .എല്ലാം ശരിയാക്കാൻ 15 ദിവസം മാത്രം. വീട്ടുകാരോട് പോലും പറഞ്ഞിട്ടില്ല! ആദ്യം ഓഫീസിലും വീട്ടിലും പറഞ്ഞു സമ്മതം മേടിച്ചു. പിന്നീട് കൊണ്ടുപോകാനുള്ള വസ്ത്രങ്ങളുടെയും മറ്റ് സാമഗ്രികളുടെയും ശേഖരണം ആയി. ഒരു നല്ല ബാഗ് പോലുമില്ല. ഹിമാലയത്തിലേക്ക് ആണ് പോകുന്നത് തണുപ്പിനെ വെല്ലാൻ പറ്റിയ ഉടുപ്പ്കളും, അടിവസ്ത്രങ്ങളും, ജാക്കറ്റും, ഷൂസും എല്ലാം വാങ്ങിക്കണം. പല സ്ഥലത്തായി പോയി ഇതെല്ലാം വാങ്ങിച്ചു കൂട്ടി. തൊപ്പിയും കയ്യുറയും ജാക്കറ്റും അൾട്രാവയലറ്റ് രശ്മികളിൽ നിന്നും കണ്ണിനെ രക്ഷിക്കാൻ കറുകറുത്തൊരു കണ്ണടയും വാങ്ങി. ആകെ ഒരു കറുപ്പ് മയം.
ഓക്കേ ട്രിപ്പ് റെഡി. അപ്പോഴേക്കും ദിവസം പത്താം തീയതി ആയി അത്യാവശ്യത്തിനുള്ള കുറച്ചു ഗുളികയും ബാൻഡുകളും മറ്റും വാങ്ങണം അത് വാങ്ങാൻ ഞാൻ ഇറങ്ങിയപ്പോഴാണ് മഞ്ഞണിഞ്ഞ മലനിരകളിൽ അതിർത്തികളിൽ കാവൽനിൽക്കുന്ന നമ്മുടെ പട്ടാളക്കാരെ ഓർമ്മവന്നത് ഒരു ദേശീയപതാക വാങ്ങണം. അതിനുവേണ്ടി ആയി ഉത്രാടപ്പാച്ചിൽ. ടൗണിലെ ഒരുമാതിരി എല്ലാ കടകളിലും കയറിയിറങ്ങി. കാറുകളിൽ വെക്കുന്ന പ്ലാസ്റ്റിക് കൊടികൾ അല്ലാതെ പതാക ആയിട്ട് ഉള്ളത് ഇല്ല. ഒടുവിൽ കുറെയേറെ തിരഞ്ഞിട്ട് ഒരു കടയിലെ ഒരേയൊരു ഒരു പതാക വാങ്ങിച്ചു. കുറച്ചു വലിപ്പം കൂടുതലാണ് എന്നേയുള്ളൂ കുറഞ്ഞിട്ടില്ല നല്ല സന്തോഷമായി. അപ്പോഴേക്കും സമയം രാത്രി പത്തുമണി ഇനി കഷ്ടി 48 മണിക്കൂർ ഇല്ല പാക്കിംഗ്ന് . തിരികെ വീട്ടിലേക്ക് വച്ചുപിടിച്ചു. പോകുന്ന വഴിയിൽ ഒരു ഫോൺകോൾ വന്നു. എഎംഎസ് അഥവാ അക്യൂട്ട് മൗണ്ടൈൻ സിക്ക്നസ്ന്ന് ഒരു മരുന്നുണ്ട്, കുറച്ചു വാങ്ങിച്ചു വെക്കു. എന്തായാലും എനിക്ക് അത് ആവശ്യം വരും എന്ന് എൻറെ സ്വന്തം ആരോഗ്യസ്ഥിതിയെ അറിയാവുന്ന ഞാൻ ആത്മവിശ്വാസത്തോടെ തീരുമാനിച്ചു, ഒരു രണ്ടു കെട്ട് വാങ്ങിച്ചു തിരിച്ചു വീട്ടിലെത്തി.
പതിനാലാം തീയതി വൈകുന്നേരം ആയപ്പോൾ ഒരു മാതിരി എല്ലാം കുത്തിനിറച്ച ഒരു ചാക്കുകെട്ട് പോലെയായി ബാഗ്. പിന്നെ ഒരു ചെറിയ ബാഗും ഇത്രയേ ഉള്ളൂ. ഹിമാലയത്തെ പറ്റി ക്ലാസ്സ് എടുത്തിട്ടുള്ള കേളനും കുഞ്ഞൂട്ടനും പറഞ്ഞത് ഏതു നിമിഷവും ഈ ബാഗുകളും ചുമന്നു നടന്നു കയറാനുള്ള തയ്യാറെടുപ്പ് വേണം കാരണം ഹിമാലയം അപ്രതീക്ഷിതമായ മാറ്റങ്ങളുടെ കലവറയാണ്.
ജ്ഞാനികളുടെ എല്ലാ വാക്കുകളും മനസ്സാ വാചാ കർമ്മണാ അനുസരിക്കാൻ തയ്യാറെടുത്തു കൊണ്ട് ഇടിച്ചുക്കെട്ടിയ ബാഗും മഞ്ഞു വെള്ളം കയറാത്ത ഷൂകളും മറ്റും ഒക്കെ ധരിച്ച് ഞങ്ങൾ ജൂലൈ 14 ആം തീയതി രാത്രി 8 മണിയോടെ തിരുവനന്തപുരം എയർപോർട്ടിൽ എത്തിച്ചേർന്നു.
No comments:
Post a Comment