Monday, April 6, 2020

Ladakh D1: Hemis and Thiksey


ആലൂപൊറോട്ട , മുട്ട ഓംലറ്റ് ഒക്കെ കഴിച്ച് അത്യാവശ്യം ഊർജ്ജം ആയപ്പോൾ , ഇനി എന്താ അടുത്ത പരിപാടി എന്ന ചിന്ത വന്നു. പ്ലാൻ പ്രകാരം ഇന്ന് പുറത്തു പോകാൻ പാടില്ല. അക്യൂട്ട് മൗണ്ടൈൻ സിക്നെസിനെ ചികിത്സിച്ച് ഭേദം ആക്കണ്ട ദിവസമാണിന്ന്! അൻവർ മാദോഷിനെ വിളിച്ചു , തിരക്കിലാണ്, വൈകുന്നേരത്തോടെ എത്തിച്ചേരാമെന്ന് വാക്കു തന്നു . അദ്ദേഹത്തിൻറെ കൈയിലാണ് ബാക്കിയുള്ള കാര്യങ്ങൾ എല്ലാം ഇരിക്കുന്നത്. ഡ്രൈവർ അക്ഷമനായി നിൽക്കുന്നുണ്ടായിരുന്നു. വാങ്‌ ചി യെന്നാണ് അയാളുടെ പേര്. ലഡാക്കിയാണ് അദ്ദേഹം. ഞങ്ങൾ പോകുന്ന സ്ഥലങ്ങളുടെ പേര് പറഞ്ഞപ്പോൾ വാങ്‌ ചിയേ പ്രത്യേകമായി മാദോഷ് തരപ്പെടുത്തി തന്നതാണ്. ഞങ്ങൾ വാങ്‌ ചിയോട് ചോദിച്ചു "ഇനി എന്താണ് പരിപാടി , ഇന്ന് ഇനി വേറെ യാത്ര ഒന്നുമില്ലല്ലോ? " അപ്പോൾ വാങ്‌ ചി യും ഞങ്ങൾ താമസിക്കുന്ന ഹോട്ടലിന്റെ മാനേജരും പറഞ്ഞു , നിങ്ങൾക്ക് അടുത്തുള്ള സ്ഥലങ്ങൾ ഇന്ന് പോയി കാണാം. കാരണം നാളെ ദൂരെയുള്ള സ്ഥലങ്ങൾ പോയിട്ട് വന്നാൽ അതിനുള്ള സമയം കിട്ടുമെന്ന് തോന്നുന്നില്ല. ഇന്നു തന്നെ നിങ്ങൾക്ക് ഹെമിസ് മൊണാസ്ട്രി കണ്ടു തിരിച്ചെത്താം .


ഹെമിസ് മൊണാസ്ട്രി ലഡാക്കിലെ ഏറ്റവും പ്രധാനമായ ഒന്നാണ്. ബുദ്ധിസ്റ്റ് ആഘോഷങ്ങളിൽ ലോകപ്രശസ്തവും പ്രധാനവുമാണ് ഹെമിസ് ഫെസ്റ്റിവൽ. ഈ വർഷത്തെ ഫെസ്റ്റിവൽ ജൂണിൽ കഴിഞ്ഞു പോയി. ഹെമിസ് ഏകദേശം 40 കിലോമീറ്റർ അകലെയാണ്. ഞങ്ങളുടെ കണക്ക് പ്രകാരം 80 കിലോമീറ്റർ പോയി വരാൻ ആറു മണിക്കൂർ എടുക്കും, പിന്നെ അവിടെ ഒരു മണിക്കൂർ, അങ്ങനെ മൊത്തം ഏഴുമണിക്കൂർ! ഇപ്പോൾതന്നെ സമയം രണ്ടു മണിയോടടുക്കുന്നു പോയിവരുമ്പോൾ ഇരുട്ടില്ലേ എന്നൊരു സംശയം. രാത്രി ഈ വഴികളിലൂടെയുള്ള യാത്ര ആപത്കരവും ദുഷ്കരവുമായിരിക്കും. ഞങ്ങൾ ഒന്നു മടിച്ചു. പക്ഷേ വാങ് ചി വിടുന്ന ലക്ഷണം ഇല്ല. അദ്ദേഹവും മാനേജറും കൂടി ഞങ്ങളെ ഉന്തി തള്ളിവിട്ടു. ഹോട്ടൽ മുറിയിൽ ഇരുന്നാലുള്ള ബോറടി ആലോചിച്ച് ഞങ്ങൾ പെട്ടെന്നു തന്നെ ഒരുങ്ങി ഇറങ്ങി സ്കോർപിയോയിൽ കയറി.

വാങ് ഇംഗ്ലീഷ് സംസാരിക്കും പക്ഷേ ഹിന്ദി അധികം പിടിയില്ല. ഞങ്ങൾ വന്ന വഴിയേ ഹൈവേയിൽ എത്തി. സാമാന്യം നല്ല റോഡ്. നാലുവരി പാതയാണ്. ഫുട്ട്പാത്തു കഴിഞ്ഞാൽ വെട്ടിയൊതുക്കിയ മലകളോ, കടകളോ ആണ് .




ലേ നഗരം വിട്ട് മണാലി റൂട്ടിലെ 40 കിലോമീറ്റർ കഴിഞ്ഞിട്ടാണ് ഹെമിസ് സ്ഥിതി ചെയ്യുന്നത്. നഗരപ്രാന്തം കഴിഞ്ഞപ്പോൾ താരതമ്യേന തിരക്ക് കുറഞ്ഞു. വാഹനം നല്ല വേഗതയിൽ പോയി തുടങ്ങി. ഞങ്ങൾ പോകുന്ന ഹൈവേയുടെ സമാന്തരമായി ഇൻഡസ് നദി എതിരെ ഒഴുകിപ്പോകുന്നു . ആകെ കലങ്ങിമറിഞ്ഞ് ചെളി വെള്ളം നിറഞ്ഞ നദി പലസ്ഥലങ്ങളിലും വീതികൂടിയും കുറഞ്ഞും ഒഴുകി പാകിസ്താനിലേക്ക് പോകുന്നു. ഈ നദീതടത്തിൽ ആണല്ലോ ഭാരത ജനതയുടെ ആർഷസംസ്കാരം രൂപം കൊണ്ടത് എന്ന് ഞാൻ ആശ്ചര്യ പൂർവ്വം ആലോചിച്ചു. അതിനു വേണ്ടിയുള്ള സംഗതി ഒന്നും ഈ നദിയിൽ കാണാൻ സാധിച്ചില്ല. ഇപ്പോൾ കാണുന്ന ഇൻഡസ് ഒരു കൗമാരക്കാരി ആണ് കയറിയും ഇറങ്ങിയും അലസമായി അനുസരണയില്ലാതെ ആരും പറഞ്ഞിട്ടും കേൾക്കാതെ ഒഴുകുന്ന ഒരു തന്നിഷ്ടക്കാരി . ഇതു വളർന്നു പാകിസ്ഥാനിലെ ഇൻഡസ് നദീതടസംസ്കാരം രൂപംകൊണ്ട മേഖലയിൽ എത്തുമ്പോഴേക്കും പക്വതയാർജ്ജിച്ചിട്ടുണ്ടാവാം .



യാത്രയിലുടനീളം വലതുഭാഗത്ത് ഇൻഡസ് നദിയും അത് കഴിഞ്ഞു കറുത്ത നിറത്തിലുള്ള കുന്നുകളും ആണ്. മലകളിൽ നിന്നുള്ള കരിമണൽ കാലാകാലങ്ങളായി ഒലിച്ച് ഇറങ്ങി ഇൻഡസ്ലേക്ക് വന്നു വീണു കൊണ്ടിരിക്കുന്നു. ഇടതുഭാഗത്ത് ചെമ്മൺ കുന്നുകളാണ്. അവയിൽ നിന്നുള്ള മണൽ കലർന്ന്, ഇവ രണ്ടും കൂടെ ചേർന്ന് ഇൻഡസ് നദീജലത്തിന് ഒരു തവിട് നിറം കൊടുക്കുന്നു.


പോകുന്ന വഴി ധാരാളം സ്തൂപങ്ങളും പട്ടാളക്യാമ്പുകളും ഒക്കെ കണ്ടു , ആൾതാമസം ഉള്ള ഒരു സ്ഥലത്തെത്തി. അവിടെയാണ് പ്രശസ്തമായ തിക്സേ മൊണാസ്ട്രി സ്ഥിതിചെയ്യുന്നത്. തിരികെ വരുമ്പോൾ കയറാം എന്നായി വാങ്. അയാൾ വാഹനം നല്ല വേഗതയിൽ തന്നെ വിട്ടു. റോഡും ഒട്ടും മോശമല്ല കുണ്ടും കുഴിയും ഒന്നും ഇല്ലാത്ത ഒരു നല്ല ഹൈവേ . ചില സ്ഥലങ്ങളിൽ വീതി കുറവാണ് വളവുകളും തിരിവുകളും ഉണ്ട്. ഇപ്പോൾ രണ്ടുവരിപാത മാത്രമേ ഉള്ളൂ.




ഇവിടുത്തെ റോഡുകളുടെ നിർമാണവും പരിപാലനവും നോക്കുന്നത് ബോഡ റോട്സ് ഓർഗനൈസേഷൻ അഥവാ ബി ആർ ഒ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സ്ഥാപനം ആകുന്നു. സൈന്യവുമായി
ഏറ്റവും കൂടുതൽ ബന്ധപ്പെട്ടു കിടക്കുന്ന ഒരു സൈനികേതര സ്ഥാപനമാണ് BRO. എപ്പോഴും ഹിമപാതം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ മുതലായ പ്രകൃതിയുടെ അനവധി വെല്ലുവിളികളെ നേരിട്ടുകൊണ്ട് ഹിമാലയത്തിലെ റോഡുകൾ പരിപാലിക്കുന്നത് ഒരു ഭഗീരഥപ്രയത്നം തന്നെയാണ്. ഹിമാലയം സന്ദർശിക്കുന്ന ഓരോ സന്ദർശകനും ബി ആർ ഒ യോട് വളരെയധികം കടപ്പെട്ടിരിക്കുന്നു.

തിക്‌സെ മൊണാസ്ട്രിയോട് ചേർന്ന് കിടക്കുന്ന പ്രദേശം നല്ല പച്ചപ്പ്‌ നിറഞ്ഞതാണ്, ഇൻഡസിന്റെ നദീതടം ആണെന്ന് തോന്നുന്നു. ലെ നഗരത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന ബൈക്ക് ടൂറിസ്റ്റുകളെ കാണാൻ സാധിക്കുന്നുണ്ട്. പത്തും ഇരുപതും പേരുള്ള സംഘങ്ങളാണ്. ഇവർ കൂടുതൽപേരും വരുന്നത് മണാലിയിൽ നിന്ന് ബുള്ളറ്റ് വാടകയ്ക്കെടുത്താണ്. ശ്രീനഗറിൽ വരെ ഈ യാത്ര തുടരും.



യുവാക്കൾ നിശ്ചയമായും ചെയ്തിരിക്കേണ്ട ഒരു യാത്രയാണ് ഇത് എന്ന് ഞാൻ പറയും. തങ്ങളുടെ മനസ്സിനെയും ശരീരത്തിനെയും പാകപ്പെടുത്തി എടുക്കാൻ യാത്രയിലെ അനിശ്ചിതാവസ്ഥയും, ദുർഘടങ്ങളും, അപകടങ്ങളെ നേരിടാനുള്ള ധൈര്യവും ഉപകരിക്കും.

പോകുന്ന വഴിയാണ് വിമാനത്താവളത്തിന് പേര് നൽകിയ റിംപോച്ചയുടെ സ്പിട്ടുക്ക് മൊണാസ്ട്രി അവിടെ പോകുന്ന കാര്യം പറഞ്ഞപ്പോൾ വാങ് അത്രയ്ക്ക് താല്പര്യപ്പെടുന്നില്ല. അതിൽ കാണുവാൻ ഒന്നുമില്ല മാത്രമല്ല അവിടേക്കുള്ള യാത്ര കുറച്ചധികം ദൂരമുണ്ട് എന്നാണ് അദ്ദേഹത്തിൻറെ അഭിപ്രായം. പോകുന്ന വഴി അത്യാവശ്യം നല്ലൊരു ഒരു നഗരത്തിലെത്തി . ഒരു ഹൈഡ്രോ ഇലക്ട്രിക് പവർ സ്റ്റേഷൻ ആണത്രേ . ഈ അടുത്ത കാലത്തായി ലഡാക്ക് മേഖലയിൽ വളരെയധികം പവർ സ്റ്റേഷനുകളും മറ്റു വികസനങ്ങളും നടന്നുവരുന്നു.

ഹെമിസ്

ഏകദേശം ഒന്നര മണിക്കൂർ കൊണ്ട് ഹെമിസ് എത്തിച്ചേർന്നു. ഹെമിസ് 11ആം നൂറ്റാണ്ടിൽ സേൻജി നംഗ്യാൽ എന്ന ലഡാഖ് രാജാവ് സ്‌ഥാപിച്ചതാകുന്നു. ഗുരു പദ്മസംഭവ ആണ്‌ ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ഗുരു പദ്മസംഭവ ഗുരു റിംപോച്ചെ എന്നും അറിയപ്പെടുന്നു. ഹെമിസ് ഫെസ്റ്റിവൽ അദ്ദേഹത്തെ ആദരിക്കുവാൻ ഉള്ളതാകുന്നു .

സമയം മൂന്ന് മണിയായി മണാലി ഹൈവേയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ഇന്തസ് നദി കടന്ന് വാഹനം ഒരു ചെറിയ കയറ്റം കയറിത്തുടങ്ങി. അങ്ങു ദൂരെയായി ഒരു വെളുത്ത കെട്ടിടവും കുറെ സ്തൂപങ്ങളും കാണാനുണ്ട്. അതാണ് ഞങ്ങളുടെ ലക്ഷ്യസ്ഥാനം. പോകുന്ന വഴിയിൽ മോണാസ്ട്രി എത്തുന്നതിനു മുൻപ് വളരെ നല്ല രീതിയിൽ ഒരു മൈതാനം ഒരുക്കിയിട്ടുണ്ട്. അതിൻറെ രണ്ട് വശങ്ങളിലും തടികൊണ്ടുള്ള ഭീമാകാരനായ നിർമ്മിതി കാൺമാനുണ്ട്. ഒറ്റനോട്ടത്തിൽ നമ്മുടെ നാട്ടിലെ എടുപ്പു കുതിരകൾ മൂന്നെണ്ണം ചേർത്ത് അടുക്കി വെച്ച പോലെ ഉണ്ടാവും. ഹെമിസ് ഫെസ്റ്റിവെൽ നടക്കുന്ന സ്ഥലമാണിത്. അതിനോടനുബന്ധിച്ചുള്ള കെട്ടുകൾ ആണ് അവ. ഞങ്ങൾ വാഹനത്തിൽ നിന്ന് ഇറങ്ങി തിരിഞ്ഞുനോക്കുമ്പോൾ ഒരു വലിയ മൈതാനം ആണത് . ഒരു രണ്ട് കിലോമീറ്ററെങ്കിലും ഉണ്ടാവും . ഞങ്ങൾ വന്ന ഹൈവേ കാണുവാൻ കഴിയുന്നില്ല. ഹിമാലയത്തിന്റെ ചുവന്ന മലകൾ, മുകളിലെ മഞ്ഞുപാളികൾ, എല്ലാം കൂടെ അതിമനോഹര കാഴ്ച .





നാലുനില പൊക്കമുള്ള ഒരു വലിയ ബുദ്ധ സന്യാസ മഠം ആണ് . ചരൽക്കല്ലുകളും കുമ്മായവും തടികളും ഉപയോഗിച്ചിട്ടാണ് ഇതിൻറെ നിർമ്മിതി. ഇവിടെ ഒരു ഗസ്റ്റ് ഹൗസും പ്രവർത്തിക്കുന്നുണ്ട്.



ഹെമിസിനു മുന്നിലെത്തിയാൽ നാലു തൂണുകൾ ഉള്ള ഒരു ചെറിയ ഗോപുരവാതിൽ കാണാം. ഞങ്ങൾ സമയം കളയാതെ കൽപ്പടവുകൾ കയറി.




അവിടെ നിന്ന് മുകളിലേക്ക് കൽപടവുകൾ ഉണ്ട് . അത് കയറിച്ചെല്ലുമ്പോൾ ആണ് യഥാർത്ഥ കവാടം. കടും ചുവപ്പ് ചായം തേച്ച വാതിലുകൾ കനത്ത പിത്തള കൊണ്ടുള്ള വിജാഗിരി കൂട്ടുകളും ലോഹപട്ടകളും മറ്റും കൊണ്ടുണ്ടാക്കിയ കനത്ത തടി വാതിലുകൾ. തൂണുകൾ ആകട്ടെ ടിബറ്റൻ മ്യൂറൽ പെയിൻറിംഗ് കൊണ്ട് അലങ്കരിച്ചിരിക്കുന്നു മേൽക്കൂരയിലും മറ്റും ധാരാളം ചിത്രങ്ങൾ .



ഈ വാതിൽ കടന്ന് മുന്നിലേക്ക് എത്തിയാൽ വിശാലമായ ഒരു നടുമുറ്റം കാണാം. ഈ മുറ്റത്തിന്റെ മൂന്നു വശങ്ങളിലും രണ്ടു നിലയുടെ പൊക്കത്തിൽ തടിയും മണ്ണും ഉപയോഗിച്ചുള്ള ഒരു നാലുകെട്ട് കാണാം. ഈ മുറ്റം മിനുസമുള്ള പരന്ന പാറകൾ പാളികളായി നിരത്തിയിരിക്കുന്നു .



നേരെ മുന്നിലായി നാലു വലിയ പടികളുടെ മുകളിൽ രണ്ടു വലിയ വാതിലുകൾ. അതിൽ ഒരു വാതിൽ വെളുത്ത നേർത്ത തുണികൾ കൊണ്ട് മറച്ചിരിക്കുന്നു. അത് ഗൗതമബുദ്ധന്റെ ക്ഷേത്രം അത്രേ. അവിടെ ക്യാമറ ഉപയോഗിക്കുവാൻ പാടുള്ളതല്ല.



ശ്രീബുദ്ധന്റെ ക്ഷേത്രത്തിനുള്ളിൽ കയറി, ക്യാമറ കണ്ടപ്പോൾ വാതിലിൽ നിന്ന ബുദ്ധസന്യാസി അത് പുറത്തു വെക്കണം എന്ന് ആവശ്യപ്പെട്ടു . ക്യാമറയുടെ ലെൻസ് കവർ അടച്ചുവച്ചു എന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തി. പിന്നെ ഒന്നും അദ്ദേഹം പറഞ്ഞില്ല. ഉള്ളിലേക്ക് കയറി,

ശ്രീബുദ്ധൻ ധ്യാനരൂപത്തിലുള്ള ഒരു സ്വർണപ്രതിമ ആണ്. രണ്ടു നിയുടെ ഉയരത്തിൽ വലിയ ഒരു പ്രതിഷ്ഠ. ശ്രീബുദ്ധൻ ധ്യാന രൂപത്തിലാണ് കൈകൾ രണ്ടും പത്മാസനത്തിൽ ചേർത്തുപിടിച്ച് ഒരുകുടം കയ്യിൽ വച്ച്, പാതിയടഞ്ഞ കണ്ണുകൾ തുന്ന് നമ്മെ നോക്കുന്ന പോലെ ഉള്ള ഒരു പ്രതിഷ്ഠയാണ് ഇവിടെ. സ്വർണ്ണം കൊണ്ടുണ്ടാക്കിയ ഒരു പീഠത്തിന് മുകളിൽ ആണ് പ്രതിഷ്ഠ. ദലൈലാമയുടെ ഒരു ചിത്രം താഴെയായി കാൺമാനുണ്ട്. പ്രതിഷ്ഠയെ ഒരു മഞ്ഞപുതപ്പുകൊണ്ട് മൂടിയിട്ടുണ്ട്

വലതുവശത്തുള്ള നടപ്പാതയിൽ കടുംചുവപ്പ് പരവതാനി വിരിച്ചിരിക്കുന്നു. അതിലൂടെ നടന്നു വേണം ബുദ്ധവിഗ്രഹത്തിൻറെ കാൽക്കൽ എത്താൻ. ഈ നടപ്പാതയുടെ വലതുവശത്ത് ധാരാളം ബുദ്ധ സൂക്തങ്ങളും, ബുദ്ധ ഋഷിവര്യന്മാരുടെ ചിത്രങ്ങളും പ്രതിമകളും വെച്ചിട്ടുണ്ട്. നടുക്ക് ഒരു നട വഴി ഇട്ടിട്ടുണ്ട്. അതിന്റെ ഇരുവശത്തും നീളത്തിൽ ഉള്ള പലകയിൽ ധാരാളം ദീപങ്ങൾ കത്തിച്ചു വച്ചിരിക്കുന്നു.ഒരു മരം കൊണ്ടുള്ള ബെഞ്ച് കാണാം, അതിൽ ഇരുന്നാണ് ബുദ്ധസന്യാസിമാർ പ്രാർത്ഥിക്കുന്നത്. ശ്രീബുദ്ധപ്രതിമയുടെ അടുത്ത് എത്തിയപ്പോൾ ഒരു ദൈവീകമായ അനുഭൂതി തോന്നി. പ്രകൃതി പോലും ശാന്തമായ പ്രതീതി. വിഗ്രഹത്തിന്റെ കാൽക്കലും മറ്റും ധാരാളം നോട്ടുകൾ കൂടി കിടക്കുന്നു. അധികവും വിദേശ കറൻസികൾ. കുറച്ചുനേരം നേരം തൊഴുതു നിന്നിട്ട് ഇടതു വശത്തുകൂടി തിരികെ വന്ന് പുറത്തിറങ്ങി. പുറത്തിറങ്ങുന്നതിനു മുൻപേ വാതിലിൽ ഞങ്ങൾക്ക് നിർദ്ദേശങ്ങൾ തന്ന ബുദ്ധസന്യാസിയുടെ അനുവാദത്തോടുകൂടി അദ്ദേഹത്തിന്റെ ഒരു ചിത്രം എടുക്കാൻ ഞാൻ മറന്നില്ല.




കടുത്ത ചുവപ്പ് ഉടുപ്പിനുള്ളിൽ അനന്തതയിലേക്ക് നോക്കിനിൽക്കുന്ന പ്രത്യേകിച്ച് യാതൊരു ഭാവഭേദവും ഇല്ലാത്ത ഒരു മുഖ ഭാവം .

അടുത്ത വാതിൽ ശ്രീബുദ്ധന്റെ ശിഷ്യനായ ഗുരു പത്മസംഭവന്റെ ക്ഷേത്രമാണ്. അതിനുള്ളിൽ ഫോട്ടോഗ്രാഫി അനുവദനീയമാണ്. പത്മസംഭവന്റെ ക്ഷേത്രത്തിലേക്ക് കയറി. അവിടെ ഫോട്ടോ എടുക്കാം . ഞാൻ സന്തോഷവാനായി .ഗുരു പത്മസംഭവൻ തന്നെയാണ് ഗുരു റിംപോച്ചെ എന്നും പറയപ്പെടുന്നു. ഗുരു പത്മസംഭവൻ മോശക്കാരനല്ല, പിരിച്ചു വെച്ചിരിക്കുന്ന ഇരട്ട മീശയുള്ള കോപാകുലനായ പ്രതിമ. നിറം സ്വർണം തന്നെ. പച്ചയും ചുവപ്പും നിറത്തിലുള്ള പട്ടു തുണികളാൽ അലംകൃതം ആണ് പ്രതിഷ്ഠ. വിളക്കുകളും പ്രാർത്ഥനരീതികളും മറ്റു ചിത്രങ്ങളും ഏകദേശം സാമ്യമുണ്ട്. ശ്രീബുദ്ധന്റെ കൂട്ടല്ല, അത്യാവശ്യം ആഡംബരം ഒക്കെ ഉണ്ട് . ഒരു പട്ട് ചേല ചുറ്റി കാതിൽ കമ്മലും, കയ്യിൽ വളകളും, ഒരു ദണ്ഡും ഉണ്ട് .ഒരു കയ്യിൽ ഒരു പാത്രത്തിൽ ചുവന്ന പട്ടുതുണിയിൽ പൊതിഞ്ഞ ഒരു കിഴി കാണ്മാൻ ഉണ്ട് . അത് വജ്രം ആണത്രേ. ദണ്ഡിൽ മൂന്ന് മനുഷ്യ ശിരസ്സുകൾ കോർത്തു വച്ചിരിക്കുന്നതായി കാണാം ചുവപ്പും പച്ചയും ഉള്ള രണ്ടു മനുഷ്യ രൂപങ്ങളായും വെളുത്ത ഒരു തലയോട്ടിയും ആണവ. എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗുരു, രണ്ടാം ബുദ്ധനായാണ് ടിബറ്റൻ ബുദ്ധിസ്റ് വിശ്വാസം.ഗുരു പത്മസംഭവൻ തന്ത്ര ബുദ്ധിസത്തിന്റെ പ്രചാരകനും ന്യിങ്മ ബുദ്ധവിദ്യാലയങ്ങളുടെ സ്ഥാപകനും ആകുന്നു .




അതിനുശേഷം ഞാൻ പുറത്തിറങ്ങി .മൈത്രേയന്റെ ഒരു ക്ഷേത്രം കൂടിയുണ്ട്. രണ്ടാം നിലയിലാണ് . വളരെ ചെറിയ ഒരു ക്ഷേത്രം . അവിടെ നിന്നുകൊണ്ട് ഞാൻ ഞാൻ താഴേക്കുള്ള ഉള്ള മുറ്റത്തിന് ഒരു ചിത്രം പകർത്തി. അപ്പോഴാണ് ക്ഷേത്രത്തിന്റെ വലതുഭാഗത്തായി 108 ഓളം പ്രാർത്ഥനാ ചക്രങ്ങൾ കണ്ടത്. ഓരോ പ്രാർത്ഥനാ ചക്രങ്ങളിലും ബുദ്ധ സൂക്തങ്ങളും മന്ത്രങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. വലത്തുനിന്ന് ഇടത്തോട്ടാണ് അവ കറക്കേണ്ടത്. അങ്ങനെ കറക്കുമ്പോൾ നമ്മൾ ആ മന്ത്രം ഉരുവിടുന്നതായാണ് സങ്കല്പം. ഓരോ ചക്രത്തിലും ഓരോ തരം മന്ത്രമാണ് ആലേഖനം ചെയ്തിട്ടുള്ളത് .




ഇതെല്ലാം കണ്ടു പുറത്തെത്തി കഴിഞ്ഞപ്പോൾ ഹെമിസ് മ്യൂസിയത്തിലേക്ക് പോകുവാൻ ഉള്ള വഴി ബുദ്ധസന്യാസി പറഞ്ഞു തന്നു . ആ വിശാലമായ മുറ്റത്തിന്റെ ഏറ്റവും ഇടതുഭാഗത്തായി ഒരു ചെറിയ വാതിൽ ഉണ്ട് . ആ വാതിൽ കടന്നാൽ മ്യൂസിയത്തിലേക്ക് കടക്കാം. അതിനുള്ളിൽ ഫോട്ടോഗ്രാഫി അനുവദിനീയമല്ല. ക്യാമറ കൊണ്ടുപോകാനും അവർ അനുവദിച്ചില്ല .അതിനാൽ ക്യാമറ അവിടെയുള്ള ഒരു ലോക്കറിൽ വെച്ച് പൂട്ടേണ്ടി വന്നു. ക്യാമറ ഇല്ലാതെ പോകുന്നത് എനിക്ക് വളരെ വിഷമമുള്ള കാര്യമാണ്. ഫോട്ടോ എടുക്കാൻ പറ്റാത്തതിലുള്ള വിഷമം ഒന്ന്, അതിലേറെ എൻറെ ക്യാമറയുടെ അരക്ഷിതാവസ്ഥയാണ് എന്നെ ആകുലനാക്കുന്നത്. പകുതി മനസ്സോടെ ക്യാമറ അവിടെവച്ച് പൂട്ടി മ്യൂസിയത്തിലേക്ക് ചെന്നു. അവിടെനിന്ന ബുദ്ധസന്യാസി താഴേക്ക് ചൂണ്ടി. കുറച്ചു പടികൾ ഇറങ്ങി താഴെ ഒരു നിലയുണ്ട്.



താഴെ ഇറങ്ങിയപ്പോഴാണ് ആ മ്യൂസിയത്തിന് വലിപ്പം മനസ്സിലാകുന്നത് . ക്ഷേത്രത്തിനു മുന്നിലെ നടുമുറ്റം എന്ന് പറയുന്നത് ഈ മ്യൂസിയത്തിന്റെ മേൽക്കൂരയാണ്. അത്രത്തോളം വലിപ്പമുണ്ട് ഈ മ്യൂസിയത്തിന്. മ്യൂസിയത്തിൽ പ്രധാനമായും സൂക്ഷിച്ചിരിക്കുന്നത് അതിപുരാതനമായ എന്ന് വെച്ചാൽ ക്രിസ്തുവിന് മുൻപുള്ള നൂറ്റാണ്ടിൽ ഉള്ള വളരെ പഴക്കംചെന്ന ബുദ്ധിസ്റ്റ് എഴുത്തുകളും, ചില പ്രശസ്തരായ ബുദ്ധസന്യാസിമാരുടെ ശേഷിപ്പുകളും, അവർ ഉപയോഗിച്ചിരുന്ന ചില വസ്തുക്കളും, ചില ബുദ്ധ സംഹിതകളുടെ അവശേഷിക്കുന്ന ഭാഗങ്ങളും , അക്കാലത്ത് ഉപയോഗിച്ചിരുന്ന ചില വസ്ത്രങ്ങളും, ആയുധങ്ങളും, മറ്റു ഉപകരണങ്ങളും ഉൾപ്പെടെ വലിയൊരു ശേഖരം ഹെമിസ് മ്യൂസിയത്തിൽ നമുക്ക് കാണുവാൻ പറ്റും. ഇവ ഇത്ര നാൾ എങ്ങനെയാണ് പരിപാലിച്ചത് എന്ന് അത്ഭുതം തോന്നും. കുറച്ചുകൂടി സമയം ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരുവേള ഞാൻ ചിന്തിച്ചു. ഒറ്റക്കിരിക്കുന്ന ക്യാമറയെ ഞാനെപ്പോഴോ മറന്നു കഴിഞ്ഞിരുന്നു.

നമ്മുടെ കേളന് ഇതിൽ ഒന്നും താല്പര്യം ഇല്ല. ഒരു സ്ഥലത്തെത്തിയാൽ, അവിടെ നിന്ന് ഒരു സെൽഫി എടുത്തു കഴിഞ്ഞാൽ പിന്നെ അത് മുഴുവൻ കണ്ടു കഴിഞ്ഞതായാണ് കേളന്റെ ഭാഷ്യം. കേളൻ തിരിച്ചു പോകാമെന്ന് പറഞ്ഞു ബഹളം കൂട്ടുന്നു. കുറച്ചു നേരമായി എന്നെ കാണാൻ കിട്ടാത്തതുകൊണ്ട് തിരക്കി വന്നതാണ്." ഇനി സമയമില്ല, അഞ്ചര ആയി ഉടൻ പോണം" . ഞാൻ സമ്മതിച്ചു തിരിച്ചു മുകളിൽ ചെന്ന് ക്യാമറയും എടുത്തു അവിടെ നിന്ന ബുദ്ധ സന്യാസിയോട് ജൂലൈ എന്ന് വന്ദനം പറഞ്ഞു ഞങ്ങൾ ഹെമിസിനോട് വിട പറഞ്ഞു.

സമയം അഞ്ചര ആയി പുറത്തിറങ്ങിയപ്പോൾ. ഇപ്പോൾ വാഹനം കിടന്ന ഭാഗത്ത് നല്ല നിഴൽ വീണിരുന്നു. കുന്നുകളുടെ മുകളിൽ നിഴലുകൾ നിറഞ്ഞ് തുടങ്ങി. മാത്രമല്ല വെളിച്ചം മാറുന്നതിനനുസരിച്ച് കുന്നുകളുടെ നിറത്തിനും വ്യത്യാസം വരുന്നുണ്ട്.



ഇനിയിപ്പോൾ തിരിച്ചെത്താനുള്ള സമയം മാത്രമേ ഉള്ളൂ. തിക്സെ മൊണാസ്ട്രി ഇന്ന് കാണുവാൻ സാധിക്കില്ല എന്ന് ഏകദേശം ഉറപ്പായി. മൈതാനം മുഴുക്കെ ഇരുൾ പരന്നിരിക്കുന്നു. അവിടെയുള്ള സ്തുപങ്ങളിലും നിഴൽ വീണു. പിന്നിലുള്ള കുന്നുകളിൽ നല്ലപോലെ സൂര്യവെളിച്ചം കാണാനുണ്ട്. ഹൈവേയിൽ എത്തി ഒരു ചായ കുടിച്ചു .

തിരികെ ഹോട്ടലിലേക്ക് അല്ലേ എന്ന് വാങ്നോട് ചോദിച്ചു. ഡ്രൈവർ പറയുന്നത് തിക്സെ മൊണാസ്ട്രിയും കണ്ടിട്ട് തിരിച്ചു പോകാം സമയമുണ്ട് എന്നാണ്. എങ്കിൽ ഒട്ടും താമസിക്കേണ്ട, ഹെമിസിൽ നിന്ന് തിക്സയിലേക്ക് പത്തിരുപത് കിലോമീറ്റർ ഉണ്ട് .





തിക്സെ

ഉദ്ദേശം ഒരു മണിക്കൂർ കൊണ്ട് വാങ് ഞങ്ങളെ തിക്സെ മൊണാസ്ട്രിയുടെ അടുത്തെത്തിച്ചു. തിക്സെ മൊണാസ്ട്രി ഒരു കുന്നിലാണ് സ്ഥിതി ചെയ്യുന്നത്. കുന്നു മുഴുവനും മൊണാസ്ട്രിയുടെ വിവിധ ഭാഗങ്ങളായി നിറഞ്ഞിട്ടുണ്ട്. പകുതിയോളം വാഹനം എത്തും . അതും കഴിഞ്ഞ് മുന്നോട്ടാണ് മൊണാസ്ട്രിയിലെ ക്ഷേത്രങ്ങളും മറ്റും നിർമിതി ചരലും മണ്ണും മരവും ഒക്കെയാണെങ്കിലും നിറം കടും ചുവപ്പാണ്. ജനാലകളുടെ മുകളിൽ ഒരു എംബ്രോയ്‌ടറി പോലെ ഒരു ചെറു കർട്ടനും കാണാം.




അപ്പോഴേക്കും സമയം ഏകദേശം സന്ധ്യയായിട്ടുണ്ടായിരുന്നു . വാഹനം പാർക്ക് ചെയ്തപ്പോഴേക്കും ഞാൻ വാഹനത്തിൽ നിന്ന് ഇറങ്ങി വളരെ വേഗം തന്നെ മുകളിലേക്ക് കൽപ്പടവുകൾ ഓടിക്കയറി പക്ഷേ എന്ത് ചെയ്യാം മൊണാസ്ട്രി അപ്പോഴേക്കും അടച്ചിട്ടുണ്ടായിരുന്നു.



അവിടെ നിന്ന് കുറച്ചു കൂടി മുകളിലേക്ക് കയറണം എനിക്ക് തോന്നി . ഞാൻ അരികിലൂടെയുള്ള നടപ്പാതയിലൂടെ പടവുകൾ കയറി രണ്ടു കെട്ടിടങ്ങളെ മറികടന്ന് ഞാനൊരു മട്ടുപ്പാവിൽ എത്തി.

അത്ഭുതകരമായ ഒരു കാഴ്ചയായിരുന്നു ഞാൻ അവിടെ നിന്ന് കണ്ടത്. സൂര്യൻ എനിക്ക് നേരിട്ട് കാണാൻ സാധിക്കുന്നുണ്ട്. സന്ധ്യയായി തോന്നുന്നില്ല. ഞാൻ ക്യാമറ കയ്യിലെടുത്തു. അതു ഫോക്കസ്സ് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ എനിക്ക് തല ചുറ്റുന്നത് പോലെ തോന്നി , കണ്ണിൽ ഇരുട്ടു കയറുന്നു. പെട്ടെന്ന് ഞാൻ തിരിച്ചു നടന്നു എൻറെ കൂട്ടുകാരുടെ അടുത്തെത്താൻ ആയി എൻറെ ശ്രമം. ഞാൻ പതുക്കെ നടന്നു . നടക്കാനാവാത്തതു പോലെ തോന്നിയപ്പോൾ ഒരു പടവിൽ ഇരുന്നു. ഫോട്ടോ പകർത്തുവാൻ ഉള്ള ആവേശത്തിന് ഹിമാലയം ആണെന്നും 15000 അടി ഉയരത്തിൽ ആണെന്നും ഇവിടെ ഓക്സിജൻ വളരെ കുറവാണെന്നും ഞാൻ മറന്നു പോയി. ഇത്രയും വേഗത്തിൽ ഓടി കയറി വന്നപ്പോൾ ശരീരത്തിൻറെ ഓക്സിജൻ കുറഞ്ഞതാണ് കാരണം. ഇതിൻറെ അവസാന സ്റ്റേജ് ആണ് അക്യൂട്ട് മൗണ്ടൻ സിക്നസ്! കുറച്ചുനേരം കൽപ്പടവുകളിൽ കണ്ണടച്ചിരുന്നു. അപ്പോഴേക്കും അല്പം ആശ്വാസമായി ഞാൻ കൂട്ടുകാരെ കൈ കാണിച്ചിട്ട് നടന്ന് പഴയ സ്ഥലത്തെത്തി.

സൂര്യൻ താഴെ എത്തിയിരിക്കുന്നു വെയിൽ അതിശക്തമായി വീഴുന്നുണ്ട് ക്യാമറ അഡ്ജസ്റ്റ് ചെയ്ത് പിടിച്ചു കുറച്ചുനേരം അവിടെ നിന്നു കണ്ണുകൾ കൊണ്ട് നോക്കാൻ ആകുന്നില്ല. അത്ര ശക്തമാണ് സൂര്യപ്രകാശം. മുന്നിൽ ഒരു ഫിൽട്ടർ ഘടിപ്പിച്ചു, ലൈറ്റ് കുറച്ച് ഒരു ഫോട്ടോ എടുത്തു നോക്കി വളരെ മനോഹരമാണ് .



താഴ്വാരം മുഴുവൻ അവൻ ഇൻഡസ് നദിയുടെ കരുണയാൽ പച്ചപിടിച്ച് നിൽക്കുന്നു. വളരെ അധികം ബിർച്ചു മരങ്ങൾ കാണാനുണ്ട് ഇവയിൽ പ്രകാശം തട്ടി മഞ്ഞ നിറം അവിടെയെങ്ങും വ്യാപിച്ചിട്ടുണ്ട്. നദിയിൽ സൂര്യപ്രകാശം തട്ടി വെട്ടിത്തിളങ്ങുന്നു. മറ്റൊരു വശത്തേക്ക് നോക്കുമ്പോൾ പേരിനു പോലും ഒരു പച്ചനിറം ഇല്ല . മഞ്ഞനിറത്തിൽ പ്രഭാപൂരിതമായ ഒരു കുന്ന്. രണ്ടു മൂന്നു ചെറിയ കെട്ടിടങ്ങൾ മാത്രം കാണാം .

ഒരുപക്ഷേ മറ്റെങ്ങും കാണാനാവാത്ത ഈ വിശാലത ആവാം ഹിമാലയത്തിന്റെ പ്രത്യേക ആകർഷണം. ഞാൻ കുറച്ചു നേരം കൂടി അവിടെ നിന്നപ്പോൾ കൂട്ടുകാരുടെ വിളിവന്നു. ഇനിയും താമസിച്ചാൽ നമ്മൾ പെട്ടുപോകും. എത്രയും പെട്ടെന്ന് തിരിച്ചെത്താൻ സമയമായി . അപ്പോൾ സമയം ഏകദേശം 7 45 കഴിഞ്ഞു.


ആ മാസ്മരിക ഭംഗി വിട്ടുപോകുവാൻ ഞാൻ എനിക്ക് സാധിച്ചില്ല . ഞാൻ കുറച്ചു കൂടി ചിത്രങ്ങളൊക്കെ എടുത്തു . അപ്പോഴേക്കും ആകാശം പതുക്കെ ഇരുട്ടിതുടങ്ങി .



ഈ പടവുകളിൽ ഒന്നും ലൈറ്റുകളും കാണാനില്ല. മനസ്സില്ലാമനസ്സോടെ ഞാൻ ഇറങ്ങി താഴെ എത്തിയപ്പോൾ വാഹനം പാർക്കു ചെയ്ത സ്ഥലത്ത് സഹയാത്രികർ എന്നെ വഴക്ക് പറഞ്ഞു കൊണ്ട് കാത്തു നിൽക്കുന്നുണ്ടായിരുന്നു.




എന്തായാലും പെട്ടെന്ന് തന്നെ വാഹനത്തിൽ കയറി ഞങ്ങൾ താഴെ എത്തി. താഴെ നിന്നുകൊണ്ട് മൊണാസ്ട്രിയുടെ ചിത്രം പകർത്താൻ ഞാൻ മറന്നില്ല. അപ്പോഴേക്കും മുറികളിൽ നിന്നും വെളിച്ചം പുറത്തു വരാൻ തുടങ്ങിയിരുന്നു. പ്രത്യേകം ശ്രദ്ധയാകർഷിച്ച ഒരു കാര്യമുണ്ട് മൊണാസ്ട്രിയുടെ ജനാലകൾ ആണിത്. മേൽക്കൂര യോട് ചേർന്ന് ചതുരാകൃതിയിൽ ഒരു വലിയ സ്ഥലം ഒഴിച്ചിട്ടുണ്ട്. അതിലൂടെയാണ് വെളിച്ചം പുറത്തുവരുന്നത്.



കയറണോ വേണ്ടയോ എന്ന് മടിച്ച് കയറിയ തിക്സെ മൊണാസ്ട്രി ആണ് എൻറെ ജീവിതത്തിലെ തന്നെ ഏറ്റവും മനോഹരമായ സൂര്യാസ്തമയങ്ങളിൽ ഒന്ന് എനിക്ക് കാഴ്ചവച്ചത്. ഒരിക്കൽ കൂടി അവിടെ പോകണം എന്ന് മനസ്സിൽ കുറിച്ചിട്ടു. ഞങ്ങൾ തിരികെ റൂമിലേക്ക് തിരിച്ചു. പോകുന്ന വഴിയിൽ ഇരുട്ട് പരന്നു തുടങ്ങിയിരുന്നു. എങ്കിലും 9 മണി ആയിട്ടും സന്ധ്യാവെളിച്ചം പൂർണ്ണമായും പോകുന്നതിനു മുൻപ് തന്നെ ഞങ്ങൾ ഞങ്ങൾ താമസസ്ഥലത്ത് എത്തിച്ചേർന്നു.

ലേയിലെ ആദ്യ ദിവസം അങ്ങനെ കഴിഞ്ഞു.








1 comment:

Manoj said...

Unforgettable days...