അങ്ങനെ ഏകദേശം 11 മണിയോടുകൂടി കറുത്ത കണ്ണട വെച്ച ഒരു സംഘം ലേ വിമാനത്താവളത്തിൽ കാലുകുത്തി. .കുഷോക് ബാകുല റിംപോച്ചെ വിമാനത്താവളം, ലേ എന്ന് നീളത്തിലുള്ള നീല ബോർഡ്. ഒരു ഇടത്തരം റെയിൽവേ സ്റ്റേഷൻ ഓർമിപ്പിക്കുന്ന വിമാനതാവളം. ഇരുമ്പ് ഷീറ്റ് മേഞ്ഞ നീളത്തിലുള്ള ഒരു കെട്ടിടം. ആഡംബരത്തിനായി ഒരു നീല ബോർഡ് ഉണ്ട്, ഒരു CCTV ക്യാമറ ഉണ്ട്, രണ്ടുമൂന്ന് പൊട്ടിപൊളിഞ്ഞ ലൈറ്റുകളും കാണാനുണ്ട്.
ബുദ്ധൻ
കുഷോക് ബാകുല റിംപോച്ചെ ലഡാക്കിലെ സ്‌പിട്ടൂക് ബുദ്ധ മൊണാസ്ട്രിയിലെ തലവനാകുന്നു. ബുദ്ധമതക്കാർ അദ്ദേഹത്തെ അമിതാഭ ബുധന്റെ അവതാരമായിട്ടാണ് കാണുന്നത് . മഹായാന കൃതികൾ പ്രകാരം അമിതാഭ ബുധൻ, ശ്രീബുദ്ധന്റെ 16 ശിഷ്യന്മാരിൽ ഒരാളാകുന്നു. ജിനൻമാർ എന്നറിയപ്പെടുന്ന അഞ്ചു ധ്യാനിബുദ്ധന്മാരിൽ ഒരാൾ; അസ്തമയസൂര്യന്റെ ചൈതന്യമുള്ള ബുദ്ധൻ; അമേയപ്രകാശത്തിന്റെ അധിദേവൻ; ജപ്പാൻകാരുടെ പ്രധാന ബുദ്ധൻ ഇതെല്ലാമാണ് അമിതാഭൻ. ഭൌതികപ്രപഞ്ചത്തിന്റെ സ്രഷ്ടാക്കളാണ് ധ്യാനിബുദ്ധന്മാർ. അവർ സൃഷ്ടിക്കുന്ന ലോകം നശ്വരമാണ്. അത്തരം മൂന്നു ലോകങ്ങളുടെ അസ്തിത്വമവസാനിച്ചപ്പോൾ, നാലാം ബോധിസത്വനായ അവലോകിതേശ്വരൻ, ധ്യാനനിരതമായ ഒരു പ്രപഞ്ചത്തെ സൃഷ്ടിച്ചു. സാധാരണ മനുഷ്യൻ ആരാധിക്കുന്ന ദൈവങ്ങൾക്കു തുല്യരാണ് അവിടത്തെ മനുഷ്യർ. അതൊരു സുഖലോകം അത്രെ; അതിന്റെ രക്ഷകൻ അമിതാഭനാണ്. (അവലംബം: വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.)എയർപോർട്ട് കെട്ടിടത്തിൽ നിന്ന് 200 മീറ്റർ അകലെയാണ് വിമാനം നിന്നത്. സ്വീകരിക്കുവാൻ ബസ്സ് ഒന്നുമില്ല. ജാക്കറ്റും കണ്ണടയും ഒക്കെ വെച്ച് വിമാനത്തിന് പുറത്തിറങ്ങിയപ്പോൾ സാമാന്യം നല്ല ചൂട് അനുഭവപ്പെട്ടു. കണ്ണഞ്ചിക്കുന്ന വെയിലിൽ അഭയാര്ഥികളെ പോലെ ഒരു സംഘം. ഒരു 50 മീറ്റർ നടന്നപ്പോൾ തന്നെ കിതച്ചു , നടക്കാൻ ആയാസം അനുഭവപ്പെട്ടു. ഞാൻ ജാക്കറ്റ് ഊരി ബാഗിൽ തിരുകി കയറ്റി എയർപോർട്ട് കെട്ടിടം ലക്ഷ്യമാക്കി നടന്നു .
വിമാനത്തിൽ നിന്ന് ഇറങ്ങിയവരെ അല്ലാതെ വേറെ ആരെയും കാണ്മാനില്ല. വിമാനത്താവളത്തിലെ കെട്ടിടത്തിന് അടുത്തെത്തിയപോൾ കുറച്ചു പട്ടാളക്കാരെ കണ്ടു. അതിൽ ഒരു പട്ടാളക്കാരൻ വളരെ കഷ്ടപ്പെട്ട് എയർ ഇന്ത്യ എന്നെഴുതിയ കൗണ്ടറിലേക്ക് വളഞ്ഞുകുത്തി നിന്ന് എന്തൊക്കെയോ ചോദിക്കുന്നു. പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കുവാൻ ശ്രമിക്കുന്ന ഒരു ചിത്രം ആണ് എനിക്ക് ഓർമ്മ വന്നത്. അത്രയും ആഡംബര രഹിതമായ ഒരു എയർപോർട്ട് ഞാൻ ചിന്തിച്ചില്ല. നേരെ എയർപോർട്ട് ബിൽഡിഗിലേക്ക് കയറി. നമ്മുടെ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറത്തേക്കിറങ്ങുന്ന വഴിപോലെയേ ഉള്ളൂ. ഞങ്ങൾ വന്നിറങ്ങിയ വിമാനത്തിൽ കയറാൻ ആയി ക്യുവിൽ നിൽക്കുന്ന വിനോദ സഞ്ചാരികളെയും കുറച്ചു പട്ടാളക്കാരെയും മാത്രം എയർപോർട്ടിൽ കാണാം. പുറത്തു ഇറങ്ങുന്നതിന് തൊട്ടുമുൻപ് രണ്ടുമൂന്ന് ബാരിക്കേഡ് വെച്ച് ഒരു പട്ടാളക്കാരനേയും നിർത്തി ഒരു നിയന്ത്രണം വരുത്തിയിട്ടുണ്ട്. അല്ലാതെ ഒരു വിധ ചെക്കിങ്ങും ഇല്ല .
പുറത്തിറങ്ങി നമ്മുടെ ടൂർ ഓപ്പറേറ്റർനെ വിളിച്ചു അദ്ദേഹം ഫോണെടുക്കുന്നില്ല. മനസ്സിൻറെ ഉള്ളിൽ ഒരു ഭയം . അൻവർ മാദോഷ് മുൻകൂറായി ഒരു ലക്ഷത്തോളം രൂപ കൈപ്പറ്റിയിട്ടുണ്ട്. ഒരു രേഖയുമില്ല . വിശ്വാസം അതല്ലേ എല്ലാം . എന്തായാലും കുറച്ചുസമയം അവിടെ നിന്ന് വെയിലുകൊണ്ടു , അപ്പോഴേക്കും ഒരാൾ വന്നു കേളനെ അന്വേഷിച്ചു . അദ്ദേഹം കുറച്ചു നേരമായി ആയി അവിടെ തന്നെ നിൽപ്പുണ്ട്. ഞങ്ങളെ കാത്തിരിക്കുകയായിരുന്നു , കണ്ടിട്ട് മനസ്സിലായില്ലത്രേ. അദ്ദേഹത്തിൻറെ സ്കോർപിയോയിൽ കയറി എയർപോർട്ടിൽ നിന്നും ലേയിലേ ഞങ്ങളുടെ താമസ സ്ഥലത്തേക്ക് തിരിച്ചു.
Gateway of Ladkh
ആദ്യത്തെ നോട്ടത്തിൽ തന്നെ എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. തണുപ്പും മഞ്ഞും ഒക്കെ പ്രതീക്ഷിച്ചു വന്ന എനിക്ക് കടുത്ത ചൂടും, പൊടി നിറഞ്ഞ കാറ്റും ഒക്കെ അത്ര പിടിച്ചില്ല. വണ്ടിയിൽ കയറി ക്യാമറ എടുത്തു .എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങിയാൽ കുറച്ചു ദൂരം മുന്നോട്ടു പോകുമ്പോൾ ഒരു കവാടം കാണാം. നഗരത്തിന്റെ അതിർത്തി എന്ന് തോന്നും വിധമുള്ള ഒരു കവാടമാണ്. ഇതിൻറെ ഉള്ളിലാണ് പ്രധാനപ്പെട്ട എല്ലാ ഗവൺമെൻറ് സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നത് . ഈ കവാടം ടിബറ്റൻ വാസ്തു ശില്പ ചാതുര്യം വിളിച്ചോതുന്ന ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. നമ്മുടെ നാട്ടിലെ മ്യുറൽ പെയിൻറിങ്ന് സമാനമാണ് ഇതിലേ രീതികൾ. പക്ഷേ കൂടുതലും ഉപയോഗിക്കുന്നത് വ്യാളി രൂപങ്ങളും ബുദ്ധ സങ്കൽപ്പങ്ങളും ആണ്. സ്വർണ്ണവർണ്ണം ആയിരിക്കും കൂടുതൽ ഉപയോഗിക്കപ്പെടുന്നത്. വളരെയധികം തിങ്ങിനിറഞ്ഞ രീതിയിൽ ചെറു ചിത്രങ്ങൾ അതിൽ ആലേഖനം ചെയ്തിട്ടുണ്ട് . വെട്ടിതിളങ്ങുന്ന സ്വർണ്ണവർണ്ണം കൊണ്ടുള്ള മേൽക്കൂരയുടെ മുകളിൽ , ഒരു മട്ടുപ്പാവിൽ മൂന്നു സ്തൂപങ്ങൾ പ്രതിഷ്ഠിച്ചിട്ടുണ്ട്.ടിബറ്റൻ സ്തൂപങ്ങൾ ലഡാക്കിലെ ഒരു സാധാരണ കാഴ്ചയാണ്. ജീർണമായി ആരും നോക്കുവാൻ ഇല്ലാത്ത സ്തൂപങ്ങളും ഉണ്ട്. വി.ഐ.പി പരിരക്ഷയോടെ സുരക്ഷയോടു കൂടെയുള്ള സ്തൂപങ്ങളും കാണാനുണ്ട് .
ലേ നഗരം
നിരത്തിലെ ഇരുവശത്തും ധാരാളം കടകൾ കാണാം. ടിബറ്റൻ തനത് ആഭരണങ്ങളും, ടിബറ്റൻ രൂപങ്ങളും , ബുദ്ധപ്രതിമകളും വിൽക്കുന്ന ധാരാളം കടകൾ കാണാനുണ്ട്. കൂട്ടത്തിൽ അവ വാങ്ങാൻ നിൽക്കുന്ന ടൂറിസ്റ്റുകളെയും കണ്ടു.ലേ നഗരം അത്യാവശ്യം വലിയൊരു നഗരമാണ്. ലഡാക്ക്ൻറെ തലസ്ഥാനമായ ലേ ഭരിക്കുന്നത് ഒരു സബ്ഡിവിഷൻ കമ്മീഷണർ ആകുന്നു. ലേ അനുബന്ധിച്ചുള്ള നഗരങ്ങളെയും കൂടി ചേർത്തുള്ള ഒരു സ്വതന്ത്ര കമ്മിറ്റിയാണ് ജനാധിപത്യ ഭരണം കയ്യാളുന്നത് . ലഡാക്ക് എന്ന് പറയുന്നത് പാകിസ്ഥാനും ചൈനയ്ക്കും ഇടയ്ക്കുള്ള തന്ത്രപ്രധാനമായ ആയ ഒരു ഭൂവിഭാഗം ആയതിനാൽ വളരെയധികം സൈനിക പ്രാധാന്യം അർഹിക്കുന്ന മേഖലയാണ് . ടിബറ്റൻ സ്തൂപങ്ങളെ പോലെ സൈനിക വിഭാഗങ്ങളും , ക്യാമ്പുകളും ലഡാക്ക് മേഖലയിൽ സാധാരണം ആണ്. ചൈന ടിബറ്റ് ആക്രമിച്ച് കീഴടക്കിയപ്പോൾ അവിടെ നിന്നുള്ള ബുദ്ധമത വിശ്വാസികളെയും കൊണ്ട് ദലയ് ലാമ ഹിമാലയം മറികടന്ന് അഭയം തേടിയത് ലഡാക്ക് മേഖലയിലാണ് . ആയതിനാൽ ലഡാക്കിലെ ഭൂരിഭാഗവും ബുദ്ധമത , ഇസ്ലാം മത വിശ്വാസികളാണ്. പിന്നെയുള്ളത് ഹിന്ദുക്കളും, ലഡാക്കിലെ തനത് ഗോത്ര വർഗ്ഗങ്ങളും.
വാഹനം ഒരു പച്ചക്കറി കടയുടെ മുന്നിലൂടെ കടന്നു പോകുന്നു. ഒരു ബുദ്ധസന്യാസി തിളങ്ങുന്ന മഞ്ഞ ഉടുപ്പും കടും ചുവപ്പു നിറത്തിലുള്ള മുണ്ടു പോലുള്ള വസ്ത്രവും ധരിച്ച് പച്ചക്കറി വാങ്ങാൻ നിൽക്കുന്നു. തിളക്കമുള്ള മഞ്ഞ വസ്ത്രത്തിനോട് കിടപിടിക്കുന്ന പോലെ കുറച്ചു മഞ്ഞ വാഴക്കുലകൾ ആ കടയിൽ തൂങ്ങിക്കിടക്കുന്നു. ഞാൻ ആ ചിത്രം ഒപ്പിയെടുത്തു.
തെരുവോരങ്ങളിൽ വളരെയധികം താല്പര്യമുള്ള കാഴ്ചകളാണ് നമുക്ക് കാണുവാൻ കിട്ടുന്നത്. കൂടുതലും തിളക്കമുള്ള നിറങ്ങളിൽ ആയതിനാൽ ഞാൻ ക്യാമറയിൽ ചിത്രങ്ങൾ എടുത്തു കൊണ്ടേയിരുന്നു. ഒടുവിൽ ഞങ്ങളുടെ താമസസ്ഥലത്ത് എത്തി. ആകെ ക്ഷീണിച്ച പ്രതീതി. ശരിക്കും കിതക്കുന്നുണ്ടായിരുന്നു ഞാൻ. നല്ല വിശപ്പുണ്ടായിരുന്നു .
"എന്തു കിട്ടും?"
"ആലു പറോട്ടയും ഓംലെറ്റും തരാം".
കുശാൽ!
No comments:
Post a Comment